തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർക്കായി സർക്കാർ ഏർപ്പടുത്തിയ ക്വാറന്റൈൻ സംവിധാനങ്ങൾ താളംതെറ്റിയതായും, ഇതിൽ സർവത്ര ആശയക്കുഴപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2.5 ലക്ഷം പേർക്ക് ക്വാറന്റൈൻ സംവിധാനമുണ്ടെന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ 20, 000 പേരെത്തിയപ്പോഴേ സംവിധാനങ്ങൾ പരാജയപ്പെട്ടു.
ഇതോടെ സർക്കാർ പറഞ്ഞത് ബഡായിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ക്വാറന്റൈൻ സൗജന്യമാണെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് പെയ്ഡ് ആണെന്ന് തിരുത്തി, ഇപ്പോൾ പറയുന്നു ഹോം ക്വാറന്റൈൻ മതിയെന്ന്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. ആരോഗ്യ പ്രവർത്തകരുടെ ക്വാറന്റൈൻ സംബന്ധിച്ച് ഇറക്കിയ മൂന്ന് സർക്കുലറുകളിലും അവ്യക്തതയുണ്ട്.
പരിശോധനാ കിറ്റുകൾ കിട്ടാനില്ലെന്ന മുടന്തൻന്യായം പറയാതെ കൊവിഡ് രോഗം കണ്ടെത്താനുള്ള പരിശോധനകളുടെ എണ്ണം അടിയന്തരമായി വർദ്ധിപ്പിക്കണം. ഏറ്റവും കുറവ് പരിശോധനകൾ നടക്കുന്നത് കേരളത്തിലാണ്. പരിശോധനകളിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കിയാൽ ടെസ്‌റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനാകും. പരിശോധനകളുടെ ഫലം ലഭിക്കാനുള്ള കാലതാമസവും സർക്കാർ ഒഴിവാക്കണം.വെന്റിലേറ്റർ സൗകര്യമുള്ള ഐ.സി.യു ബെഡ്ഡുകൾ 1800 എണ്ണം മാത്രമാണ് കേരളത്തിലുള്ളത്. സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തിയാൽ 1000 ബെഡ്ഡുകൾ കൂടി ലഭിക്കും. കൊവിഡ് ചികിത്സയ്ക്ക് പ്രത്യേക മാർഗനിർദ്ദേശം തയ്യാറാക്കണം. രോഗികളിൽ നിന്ന് വാങ്ങാവുന്ന പരമാവധി തുക എത്രയെന്ന് നിശ്ചയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.