തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു. തിരുനെല്ലി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകളും നിർത്തിവച്ചു. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭക്തർ ക്ഷേത്രദർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട സംഘടന ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറന്നതെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ ഒരു കാരണവശാലും ഭക്തർക്കായി തുറന്നു കൊടുക്കരുത്. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു ഭക്തർ ക്ഷേത്രദർശനത്തിൽ നിന്നും പരമാവധി വിട്ടു നിൽക്കണമെന്നും ആവശ്യപ്പെട്ടു.