തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ബെവ് ക്യൂ ആപ്പിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിമാർക്കോ വ്യക്തികൾക്കെതിരെയോ ആണെങ്കിലേ സർക്കാരിന്റെ അനുമതി ആവശ്യമുള്ളൂവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആപ്പിൽ അഴിമതി നടന്നുവെന്ന് പ്രതിപക്ഷം പറഞ്ഞത് ഇപ്പോൾ ശരിയായിരിക്കുകയാണ്.
ആപ്പ് പ്രവർത്തിക്കുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് സർക്കാർ മറ്റാരെയെങ്കിലും ഏൽപിക്കാത്തത്. അതിന് പിന്നിൽ സ്വജനപക്ഷപാതം അല്ലാതെ മറ്റെന്താണെന്നും ചെന്നിത്തല ചോദിച്ചു. കെ.എ.എസ് പരീക്ഷയുടെ 9000 ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനാകാതെ വന്നത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. ഇവ ജീവനക്കാരെക്കൊണ്ട് മൂല്യനിർണയം നടത്തിക്കാൻ തീരുമാനിച്ചത് സർക്കാരിന് വേണ്ടപ്പെട്ടവരെ പട്ടികയിൽ തിരുകിക്കയറ്റുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.