jacob-roberts

ജക്കാർ‌ത്ത: ഇന്തോനേഷ്യൻ ദ്വീപായ ബാലിയിൽ ആറ് ദിവസങ്ങളായി ഒരു കിണറിനുള്ളിൽ വീണ് കിടന്നിരുന്ന ബ്രിട്ടീഷ് പൗരനെ രക്ഷിച്ചു. ബാലിയിലെ പെക്കാറ്റു ഗ്രാമത്തിലാണ് സംഭവം. ഒരു നായ പിന്തുടന്നതിനെ തുടർന്ന് ഓടിയ 29 വയസുള്ള ജേക്കബ് റോബർട്ട്സ് എന്ന ബ്രിട്ടീഷ് യുവാവ് അബദ്ധത്തിൽ 14 അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു.

വീഴ്ചയിൽ ജേക്കബിന്റെ കാലൊടിഞ്ഞു. കിണറിൽ വളരെ ചെറിയ തോതിൽ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളു. കാലൊടിഞ്ഞതിനാൽ ജേക്കബിന് അനങ്ങാൻ പോലുമായില്ല. ഒടുവിൽ സഹായത്തിനായി നിലവിളിച്ച ജേക്കബിനെ ഒരു ഗ്രാമീണനാണ് കണ്ടെത്തിയത്. ഗ്രാമത്തിൽ ജനവാസമില്ലാതിരുന്ന ഈ മേഖലയിൽ കന്നുകാലികൾക്ക് തീറ്റ കൊടുക്കാനായാണ് ഇയാൾ ഇവിടെയെത്തിയത്.

jacob-roberts

ജേക്കബിനെ കണ്ട ഗ്രാമീണൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കിണറിൽ നിന്നും രക്ഷപ്പെടുത്തുമ്പോൾ പരിക്കേറ്റ് തീരെ അവശനിലയിലായിരുന്നു ജേക്കബ്. രക്ഷാപ്രവർത്തകർ സ്ട്രെച്ചർ വഴിയാണ് ജേക്കബിനെ പുറത്തെത്തിച്ചത്. തുടർന്ന് നുസാ ദുവായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കൻ ബാലിയിലെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായ നുസാ ദുവായ്ക്കടുത്താണ് പെക്കാറ്റു ഗ്രാമം.