തിരുവനന്തപുരം: ഇടയ്ക്കിടക്ക് പത്രസമ്മേളനം നടത്തി സി.പി.എം സംസ്ഥാന സെക്രട്ടറി താനാണെന്ന് തെളിയിക്കേണ്ട ഗതികേടിലാണ് കോടിയേരി ബാലകൃഷ്‌ണനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുൻകാല പ്രതിപക്ഷ നേതാക്കന്മാരുടെ പക്വമായ നിലപാട് സ്വീകരിക്കാൻ ചെന്നിത്തല തയ്യാറാവുന്നില്ലെന്ന കോടിയേരിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടിയേരിക്ക് ഇപ്പോഴുണ്ടായിരിക്കുന്നത് പോലുള്ള ഗതികേട് സി.പി.എമ്മിന്റെ ഒരു സംസ്ഥാന സെക്രട്ടറിക്കും ഉണ്ടായിട്ടില്ല. പണ്ട് പാർട്ടിയായിരുന്നു സർക്കാരിനെയും മുഖ്യമന്ത്രിയെയും നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളോട് പ്രതിപക്ഷം പൂർണമായി സഹകരിക്കുന്നുണ്ട്.
ഉമ്മൻചാണ്ടിയെയും എ.കെ.ആന്റണിയെയും കുറിച്ച് അന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത് എന്താണെന്ന് എല്ലാവർക്കുമറിയാം. കൊവിഡിന്റെ മറവിലുള്ള അഴിമതിയും കൊള്ളയും തുറന്നുകാണിക്കുമ്പോൾ മുഖ്യമന്ത്രിക്കും കോടിയേരിക്കും എന്നോട് വിദ്വേഷം ഉണ്ടാകും. ഇനിയും അഴിമതിയുണ്ടായാൽ അത് ചൂണ്ടിക്കാട്ടും. അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.