കൊവിഡ് ബാധിതരുടെ സംഖ്യ ക്രമാതീതമായി വർദ്ധിക്കുകയാണെങ്കിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഹോട്ട് സ്പോട്ടുകളിലൊഴികെ മറ്റെല്ലായിടങ്ങളിലും ഇന്നലെ മുതൽ പിൻവലിച്ചിരിക്കുകയാണ്. കുറഞ്ഞ തോതിൽ ജീവനക്കാരെ വച്ചു പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫീസുകളും പൂർണതോതിൽ സജീവമായിട്ടുണ്ട്. നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഏതാനും വിഭാഗം ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്നേയുള്ളൂ. ഏഴു മാസമായ ഗർഭിണികൾ, ഒരു വയസുവരെയുള്ള ശിശുക്കളുടെ അമ്മമാർ, വൃദ്ധജനങ്ങൾ വീട്ടിലുള്ളവർ തുടങ്ങിയ ഗണത്തിൽപ്പെടുന്നവർ വീടുകളിൽത്തന്നെ തുടർന്ന് പ്രവൃത്തിയെടുത്താൽ മതിയാകുമെന്നാണു നിർദ്ദേശം. സർക്കാർ ഓഫീസുകൾക്കൊപ്പം പൊതുമേഖലാ - അർദ്ധ സർക്കാർ, സഹകരണ സ്ഥാപനങ്ങളും ഇന്നലെ മുതൽ പൂർണ തോതിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മഹാമാരിക്കൊപ്പം ജീവിതം തുടരുക എന്ന അനിവാര്യതയാണ് നിയന്ത്രണങ്ങളിൽ പരമാവധി ഇളവു വരുത്താനുള്ള തീരുമാനത്തിനു പിന്നിൽ. അനിശ്ചിതമായി എല്ലാം അടച്ചിട്ടാൽ ജനജീവിതം മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികാരോഗ്യവും പാടേ ക്ഷയിച്ച് സർക്കാർ തന്നെ പാപ്പരാകുന്ന സ്ഥിതിയിലാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
സർക്കാർ ഓഫീസുകളെല്ലാം പൂർണമായും തുറന്ന പശ്ചാത്തലത്തിൽ അവിടങ്ങളിൽ നിന്നു ലഭിക്കേണ്ട സേവനങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്. മൂന്നുമാസത്തോളം നീണ്ട ലോക്ക് ഡൗൺ ഒട്ടേറെ ജോലിക്കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഓൺലൈൻ സമ്പ്രദായം നിലവിലുള്ളതാണ് അത്യാവശ്യക്കാർക്ക് കുറച്ചെങ്കിലും സഹായകമായത്. ഓഫീസുകൾ തുറന്നെങ്കിലും വിവിധ ആവശ്യങ്ങൾക്കായി ആരും നേരിട്ടു ചെല്ലരുതെന്നാണ് സർക്കാരിന്റെ അറിയിപ്പ്. പാസുകൾ അനുവദിക്കുന്നതിന് കർക്കശ നിയന്ത്രണമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം കരുതലും നിയന്ത്രണവും അത്യാവശ്യം തന്നെ. ഇതോടൊപ്പം ഓർക്കേണ്ട ഒരു കാര്യം നേരിട്ട് ആളുകളെ ഓഫീസുകളിൽ വരുത്താനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കുക എന്നതാണ്. സമർപ്പിച്ച അപേക്ഷകളിൽ തീരുമാനം അനിശ്ചിതമായി വൈകുമ്പോഴാണല്ലോ നേരിൽ അന്വേഷിക്കാൻ അപേക്ഷകൻ ബന്ധപ്പെട്ട ഓഫീസിൽ എത്താറുള്ളത്. അപേക്ഷകളെല്ലാം ഓൺലൈനായി സ്വീകരിച്ചാൽ മതിയെന്നു നിഷ്‌കർഷിക്കുന്നതിനൊപ്പം സമയബന്ധിതമായി അപേക്ഷകളിൽ തീർപ്പുണ്ടാക്കാനുള്ള നടപടികളും ഉണ്ടാകണം. ഫയൽ നീക്കത്തിലെ മെല്ലെപ്പോക്കാണ് പലപ്പോഴും അപേക്ഷകരെ ഓഫീസുകൾ കയറിയിറങ്ങാൻ നിർബന്ധിക്കുന്നത്. സേവനങ്ങൾ ലഭ്യമാക്കുന്നതിന് നിശ്ചിത സമയക്രമം എഴുതിവച്ച ബോർഡുകൾ എല്ലായിടത്തും കാണാം. എന്നാൽ അതിൽ കാണുന്ന സമയക്രമം ഒട്ടുമിക്ക കേസുകളിലും പാലിക്കപ്പെടാറില്ല. ജനങ്ങളുമായി ഏറെ ഇടപെടുന്ന ഓഫീസുകളിൽ തിക്കും തിരക്കും രൂപപ്പെടുന്നത് അതുകൊണ്ടാണ്. നടപടി ക്രമങ്ങളിലെ നൂലാമാലകൾ കുറച്ചാൽത്തന്നെ സേവനം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. സമീപകാലത്ത് റേഷൻ കാർഡിന്റെ കാര്യത്തിൽ അതു കാണാൻ കഴിഞ്ഞു. പുതിയ റേഷൻ കാർഡ് ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷിച്ചാൽ 24 മണിക്കൂറിനകം കാർഡ് നൽകുന്ന പദ്ധതി വൻ വിജയമായി. ആയിരക്കണക്കിനു പേരാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തിയത്. ഇപ്പോൾ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും ഓൺലൈൻ സംവിധാനം വളരെയധികം ഉപകരിക്കുന്നുണ്ട്. ടി.സിക്കും പ്രവേശനത്തിനും സ്കൂൾ മാറ്റത്തിനുമൊക്കെ അപേക്ഷ നൽകാനും പരിഹാരം കാണാനും ഓൺലൈൻ സംവിധാനം അനുഗ്രഹമായിട്ടുണ്ട്. ഇതുപോലെ സുപ്രധാനമായ പല സർക്കാർ സേവനങ്ങൾക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. അപ്പോഴും ശ്രദ്ധിക്കേണ്ട ഒരു കാര്യം സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങൾ സംബന്ധിച്ചാണ്. ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താൻ സ്വന്തമായി സംവിധാനമോ പരിജ്ഞാനമോ ഇല്ലാത്ത ഇവർ സഹായ കേന്ദ്രങ്ങളെ സമീപിച്ചാണ് ഇപ്പോൾ കാര്യം സാധിക്കുന്നത്. അക്ഷയ കേന്ദ്രങ്ങളിലും മറ്റു സേവന കേന്ദ്രങ്ങളിലും ദിവസം മുഴുവൻ രൂപപ്പെടുന്ന തിരക്കിനു പിന്നിലെ കാരണമിതാണ്. ഓൺലൈൻ സംവിധാനം പ്രാപ്തമല്ലാത്തവരെ സഹായിക്കാനായി സർക്കാർ ഓഫീസുകളിൽ പ്രത്യേക ഏർപ്പാടുകൾ ഉണ്ടാക്കാവുന്നതാണ്. ഓഫീസിനു പുറത്ത് അപേക്ഷ സ്വീകരിക്കാൻ പെട്ടിയോ മറ്റോ വച്ചാൽ അപേക്ഷകർ അകത്തു കടക്കാതെ നിയന്ത്രിക്കാനാകും. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ നിശ്ചിത ദിവസത്തിനകം തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുകയും വേണം. മഹാമാരി പൂർണമായും ഒഴിയും വരെ ഇതുപോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ഓഫീസുകളിൽ സന്ദർശനത്തിരക്ക് ഗണ്യമായി കുറയ്ക്കാനാകും.
പരീക്ഷകൾ കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശന കവാടം കൂടി തുറക്കുന്നതോടെ പലവിധ ആവശ്യങ്ങൾക്കായി പതിനായിരക്കണക്കിനു പേർ റവന്യൂ ഓഫീസുകളിൽ എത്തും. വിവിധ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാക്കാൻ ഇപ്പോൾത്തന്നെ സംവിധാനമുണ്ടെങ്കിലും സാക്ഷ്യപ്പെടുത്തലുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളുടെ സേവനം ആവശ്യമാണ്. ആളുകൾ കൂട്ടം കൂടുന്നത് എങ്ങനെ കുറയ്ക്കാനാകുമെന്ന് ആലോചിക്കണം. ഈ വക കാര്യങ്ങളിൽ വ്യക്തികൾക്കും വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് മറക്കരുത്. മഹാമാരിയുടെ വ്യാപനം തടയുന്നതിൽ ഏറ്റവുമധികം ജാഗ്രത പുലർത്തേണ്ടത് പൗരന്മാർ തന്നെയാണ്.