തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർക്കായി സർക്കാർ ഏർപ്പടുത്തിയ ക്വാറന്റൈൻ സംവിധാനങ്ങൾ താളംതെറ്റിയതായും ഇതിൽ സർവത്ര ആശയക്കുഴപ്പമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2.5 ലക്ഷം പേർക്ക് ക്വാറന്റൈൻ സംവിധാനമുണ്ടെന്നാണ് സർക്കാർ ആദ്യം പറഞ്ഞത്. എന്നാൽ 20,000 പേരെത്തിയപ്പോൾ സംവിധാനങ്ങൾ പരാജയപ്പെട്ടത്, സർക്കാർ പറഞ്ഞത് ബഡായിയാണെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടക്ക് പത്രസമ്മേളനം നടത്തി സി.പി.എം സംസ്ഥാന സെക്രട്ടറി താനാണെന്ന് തെളിയിക്കേണ്ട ഗതികേടിലാണ് കോടിയേരി ബാലകൃഷ്‌ണൻ. പണ്ട് പാർട്ടിയായിരുന്നു സർക്കാരിനെയും മുഖ്യമന്ത്രിയെയും നിയന്ത്രിച്ചിരുന്നതെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. ഇനിയും അഴിമതിയുണ്ടായാൽ ചൂണ്ടിക്കാട്ടും. മന്ത്രിമാർക്കോ വ്യക്തികൾക്കെതിരെയോ അല്ല ആരോപണമെന്നതിനാൽ ബെവ് ക്യൂ ആപ്പിലെ അഴിമതിയെ കുറിച്ച് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.