തിരുവനന്തപുരം: അപേക്ഷിച്ചാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് കിട്ടുന്ന സംവിധാനം ദുരുപയോഗപ്പെടുത്തിയവർക്ക് പണികിട്ടും. കൊവിഡ് കാലത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ അരിയും പലവ്യഞ്ജന കിറ്റും ഉൾപ്പെടെ എല്ലാവർക്കും കിട്ടുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

മറ്റേതെങ്കിലും റേഷൻ കാർഡിൽ പേരുണ്ടായിരുന്നിട്ടും അത് മറച്ചുവച്ച് ഇത്തരത്തിൽ കാർ‌‌‌ഡ് സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ പണിപാളും! കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് എല്ലാ ഓഫീസുകളും പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരെത്തും. റേഷൻ കാർഡ് റദ്ദാക്കുമെന്നു മാത്രമല്ല,​ വാങ്ങിയതിന്റെ വിപണിവിലയുടെ ഇരട്ടി ഈടാക്കുകയും ചെയ്യും.

ഒരു കാർഡിൽ പേരുണ്ടായിരുന്ന ചിലരും പുതിയ റേഷൻ കാർഡ് സ്വന്തമാക്കിയെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവകുപ്പിന്റെ അന്വേഷണം.

 കണ്ടു പിടിക്കുന്നത്

നേരത്തെ വിതരണം ചെയ്ത റേഷൻ കാർഡിന്റെ ഉടമകളിൽ 90 ശതമാനം പേരും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്. ഒരു രാജ്യം ഒരു റേഷൻ പദ്ധതിയുടെ ഭാഗമായി എല്ലാവരും ആധാർ ലിങ്ക് ചെയ്യേണ്ട നടപടി ഉടൻ ആരംഭിക്കും. 24 മണിക്കൂർ പദ്ധതി പ്രകാരം റേഷൻകാർഡ് ലഭിക്കാനുള്ള പ്രധാന രേഖ ആധാർ നമ്പർ ആയിരുന്നു. നേരത്തെ റേഷൻ കാർഡിൽ പേരുള്ള വ്യക്തി ആ കാർഡിലേക്ക് ആധാർ ലിങ്ക് ചെയ്യുമ്പോൾ 24 മണിക്കൂർ റേഷൻ കാർഡ് സ്വന്തമാക്കിയെങ്കിൽ അറിയാൻ കഴിയും.

പഴയ കാർഡിലേക്ക് ആധാർ ലിങ്ക് ചെയ്യാതെ മാറി നിന്നാലും കണ്ടെത്തും.

24മണിക്കൂറിൽ കാർഡ്

അപേക്ഷ സ്വീകരിച്ചത് അക്ഷയകേന്ദ്രങ്ങൾ വഴി

വേണ്ടത്- ആധാർ കാർഡിന്റെ പകർപ്പും ഫോട്ടോയും പ്രദേശവാസിയാണെന്നു തെളിയിക്കുന്ന സ്ഥലം കൗൺസിലറുടെയോ പഞ്ചായത്ത് അംഗത്തിന്റെയോ സത്യവാങ്മൂലവും ഫോൺ നമ്പരും.

ഇനിയും അപേക്ഷിക്കാം

റേഷൻ കാർഡില്ലാത്തവർക്ക് ഇനിയും അപേക്ഷകൾ നൽകാം. പദ്ധതി പിൻവലിച്ചിട്ടില്ല. ഓഫീസുകളുടെ പ്രവ‌ർത്തനം പഴയരീതിയിലേക്ക് ആകുന്ന മുറയ്ക്ക് പുതിയ നിബന്ധനകൾ വരും.