ആന്റനനറീവോ: സ്‌കൂൾ കുട്ടികൾക്കായി 20 ലക്ഷം ഡോളറിന്റെ ലോലിപ്പോപ്പുകൾ ഓർഡർ ചെയ്യാനുള്ള പദ്ധതി തയാറാക്കിയതിനെ തുടർന്ന് മഡഗാസ്കറിൽ വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കി. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്ന് എന്ന് മഡഗാസ്കർ അവകാശപ്പെടുന്ന ഔഷധം സ്കൂൾ കുട്ടികൾ കഴിക്കുമ്പോൾ അവർക്കുണ്ടാകുന്ന കയ്പിനെ തരണം ചെയ്യാനാണത്രെ വിദ്യാഭ്യാസമന്ത്രി റിജസോവ ആൻഡ്രിയമനാന ലോലിപ്പോപ്പ് വിതരണം ചെയ്യാൻ ആലോചിച്ചത്.
ഓരോ കുട്ടികൾക്കും മൂന്ന് ലോലിപ്പോപ്പുകൾ വീതം നൽകാനിയിരുന്നു റിജസോവയുടെ പദ്ധതി. എന്നാൽ മഡഗാസ്കർ പ്രസിഡന്റ് ആൻഡ്രി രജോലിനയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി പിൻവലിക്കുകയും റിജസോവയെ പുറത്താക്കുകയുമായിരുന്നു. വൈറസ് നിയന്ത്രണങ്ങൾക്ക് ശേഷം ഒരു മാസത്തെ ഇടവേള കഴിഞ്ഞ് മഡഗാസ്കറിലെ ഹൈസ്കൂളുകൾ മേയ് ആദ്യ വാരം തുറന്നിരുന്നു.
സ്കൂളുകളിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഫേസ്മാസ്കുകൾക്കൊപ്പം തന്നെ കൊവിഡ് 19ൽ നിന്നും സംരക്ഷണം നൽകാനുള്ള ഒരു കുപ്പി ഔഷധ മരുന്നും നൽകിയിരുന്നു. ഭയങ്കര കൈപ്പോട് കൂടിയ ഈ മരുന്ന് കഴിക്കാതെ സ്കൂളിനുള്ളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കില്ലെന്ന് ചില സ്കൂൾ അധികൃതർ വാശിപിടിക്കുകയും ചെയ്തിരുന്നു.
' കൊവിഡ് ഓർഗാനിക്‌സ് ' എന്ന് പേരിട്ടിരിക്കുന്ന ഈ കൊവിഡ് പ്രതിരോധ മരുന്ന് ചരിത്രം തിരുത്തുമെന്നും മരുന്ന് കൊവിഡ് രോഗികളിൽ ഗുണം ചെയ്യുന്നതായുമൊക്കെയാണ് മഡഗാസ്കറിന്റെ പ്രസിഡന്റായ ആൻഡ്രി രജോലിന പറയുന്നത്. !
നിലവിൽ കൊവിഡിനെതിരെയുള്ള ഒരു പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിനുകൾ രൂപപ്പെടുത്താനുള്ള ഓട്ടപ്പാച്ചിലിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർ. മഡഗാസ്കറിലെ ഈ ഔഷധത്തിന്റെ ഗുണങ്ങൾ ശാസ്ത്രീയമായ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് 19നെതിരെ ഈ മരുന്ന് ഗുണം ചെയ്യുമെന്നതിന് യാതൊരു തെളിവുമില്ല.
എന്നാൽ പ്രസിഡന്റ് രജോലിനയ്ക്ക് ഇതൊരു വിഷയമേ അല്ല. മരുന്ന് കൊവിഡിനെ പറപറപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൊതുവേദിയിൽ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഈ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. 310 ഗ്രാം ബോട്ടിലിന് 30 സെന്റ് നിരക്കിലാണ് രാജ്യത്തെല്ലായിടത്തും മരുന്ന് വില്ക്കുന്നത്.
മഡഗാസ്കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്ന മലഗാസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേർച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓർഗാനിക്സ് ' എന്ന ഈ മരുന്നിന്റെ നിർമാതാക്കൾ. ഡോ. ജെറോം മുൻയാഗി എന്ന കോംഗോ വംശജനാണ് മരുന്നിന്റെ കണ്ടുപിടിത്തത്തിന്റെ അമരക്കാരൻ. മരുന്ന് കുപ്പിയുടെ ലേബലിൽ നിർമാണത്തിനുപയോഗിച്ചിരിക്കുന്ന പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് പറയുന്നില്ല.
എന്നാൽ ഔഷധച്ചെടിയായ ആർടെമിസിയയിൽ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് രജോലിന പറയുന്നത്. മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ചില മരുന്നുകളുടെ നിർമാണത്തിന് ഈ ഔഷധ സസ്യം ഉപയോഗിക്കാറുണ്ട്. അതേ സമയം, മരുന്നിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഈ മരുന്ന് പ്രതികൂലമായി ബാധിച്ചേക്കാമെന്നും മഡഗാസ്കർ അക്കാഡമി ഒഫ് മെഡിസിനിലെ ആരോഗ്യവിദഗ്ദരുടെ പറയുന്നു.
ഇത്തരത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളുടെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മഡഗാസ്കറിലെ ഈ ഔഷധം ടാൻസാനിയ അടക്കമുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്നുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളോട് പാശ്ചാത്ത്യ രാജ്യങ്ങൾക്കു മനോഭാവത്തിന്റെ തെളിവാണ് മരുന്നിനെ തള്ളിപ്പറയുന്നതെന്നും മഡഗാസ്കറിന് പകരം ഏതെങ്കിലും യൂറോപ്യൻ രാജ്യമായിരുന്നു ഈ മരുന്ന് കണ്ടു പിടിച്ചിരുന്നതെങ്കിൽ ആരും സംശയം പോലും ഉന്നയിക്കില്ലായിരുന്നുവെന്നും രജോലിന പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപായ മഡഗാസ്കറിൽ 260 ലക്ഷം ജനങ്ങളാണ് ജീവിക്കുന്നത്. നിലവിൽ 1,052 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതേ വരെ 9 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.