student-duicide

തിരുവനന്തപുരം: മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഞ്ജു കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹാൾടിക്കറ്റിന്റെ പിറകിൽ പാഠഭാഗങ്ങൾ എഴുതിക്കൊണ്ടുവന്നു. ഹാൾടിക്കറ്റ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് പരീക്ഷ തുടങ്ങി ഒരുമണിക്കൂറിനുശേഷം പ്രിൻസിപ്പലിനെ കണ്ട് വിശദീകരണം എഴുതി നൽകാൻ ആവശ്യപ്പെട്ടെിലും അങ്ങനെ ചെയ്യാതെ വിദ്യാർത്ഥിനി പുറത്തുപോവുകയായിരുന്നു.

വിദ്യാർത്ഥിനിയാേട് മോശമായി പെരുമാറിയെന്നത് ആരോപണം മാത്രമാണ്, ഭീഷണിപ്പെടുത്തി എന്നതും തെറ്റാണ്. സർവകലാശാലാ ചട്ടം അനുസരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ പറഞ്ഞു. വിദ്യാർത്ഥിനിയുടെ ഹാൾടിക്കറ്റും, പരീക്ഷാ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.

അതേസമയം സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് വനിതാ കമ്മിഷന്റെ ഇടപെടലുണ്ടായത്. സംഭവത്തിൽ എം.ജി. സർവകലാശാല ബി.എം.വി ഹോളിക്രോസ് കോളേജിൽ നിന്ന് വിശദീകരണവും തേടി.

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലൽ കോളേജിൽ ബി.കോം. വിദ്യാർത്ഥിനിയായിരുന്ന അഞ്ജു ചേർപ്പുങ്കലിലെ ബി.വി.എം ഹോളിക്രോസ്‌ കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. പരീക്ഷയെഴുതാൻ വേണ്ടി കോളേജിലെത്തിയ കുട്ടിയെ കോപ്പിയടിച്ചെന്നാരാേപിച്ച് പരീക്ഷാ ഹാളിൽ നിന്ന് അധികൃതർ പുറത്താക്കിയിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാതാവുകയായിരുന്നു. കോപ്പിയടിച്ചെന്ന കോളേജിന്റെ ആരോപണത്തിൽ മനംനൊന്താണ് കുട്ടി ആറ്റിൽ ചാടിയതെന്ന് പിതാവ് ആരോപിച്ചു.


പെൺകുട്ടി പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം നല്ല മാർക്കുണ്ടായിരുന്നു. പെൺകുട്ടി പഠിച്ചിരുന്ന പാരലൽ കോളേജിലെ അധ്യാപകരും ഇത് ശരിവയ്ക്കുന്നുണ്ട്. .