lulu

തിരുവനന്തപുരം: രണ്ടര മാസത്തെ അടച്ചു പൂട്ടലിനൊടുവിൽ നഗരത്തിലെ മാളുകളെല്ലാം ഇന്ന് മുതൽ സജീവമാകും. ഇതിനു മുന്നോടിയായി ഇന്നലെ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. സിനിമാശാലകളും കളിസ്ഥലങ്ങളും മാത്രമാവും അടഞ്ഞുകിടക്കുക. മാളുകൾക്കുള്ളിലെ ഭക്ഷണശാലകളിലും ഇന്ന് മുതൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ചാക്കയിലെ മാൾ ഒഫ് ട്രാവൻകൂർ, പാറ്റൂരിലെ ആർട്ടെക്ക്, പുളിമൂട്ടിലെ പോത്തീസ്, അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ തുടങ്ങി നഗരത്തിലെ മാളുകളെല്ലാം കൊവിഡ് ക്രമീകരണങ്ങൾ ചെയ്ത് തുറക്കാനൊരുങ്ങിക്കഴിഞ്ഞു. പല മാളുകളിലെയും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നേരത്തെ തുറന്ന് പ്രവർത്തിച്ചിരുന്നു. തിരക്ക് വർദ്ധിക്കുന്ന സ്ഥലമായതിനാൽ കർശന ഉപാധികളാണ് ഇവിടങ്ങളിലുള്ളത്. മാളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഇന്നലെ എല്ലായിടത്തും അണുനശീകരണം നടത്തി. ലോക്ക് ഡൗണിന് മുമ്പും മാളുകളിലെ ഭക്ഷണ കടകളിലും പ്രൊവിഷൻ കടകളിലുമല്ലാതെ മറ്റു സ്ഥാപനങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വരും ദിവസങ്ങളിൽ ആളുകൾ എത്തിയില്ലെങ്കിൽ വീണ്ടും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നും വ്യാപാരികൾ പറയുന്നു.എല്ലാ മാളുകളിലെയും പ്രവർത്തനം പൊലീസും ആരോഗ്യ വകുപ്പും നിരീക്ഷിക്കും.

മാളുകളിൽ പോകുന്നവർ ശ്രദ്ധിക്കാൻ

 നിർബന്ധമായും മാസ്ക് ധരിക്കണം

കൂടുതൽ സമയം മാളിൽ ചെലവഴിക്കാതിരിക്കുക

സാനിറ്റൈസർ ഉപയോഗിക്കുക

ചെറിയ രോഗ ലക്ഷണമുള്ളവരെ മാളുകളിൽ കൊണ്ടുവരരുത്

 വയസായവരെയും കുട്ടികളെയും കഴിവതും ഒഴിവാക്കണം

മാളുകളിലെ ക്രമീകരണങ്ങൾ

പ്രവേശന കവാടത്തിൽ തെർമ്മൽ സ്കാനർ പരിശോധന, സാനിറ്റൈസർ നൽകും

കൂടുതൽ സമയം ഉപഭോക്താക്കൾ മാളുകളിൽ ചിലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കും

 ഉപഭോക്താക്കളുടെ പേരും മൊബൈൽ നമ്പരും രേഖപ്പെടുത്തും

എ.സിയുടെ താപനില പരിമിതപ്പെടുത്തിയാണ് പ്രവർത്തനം

കൂടുതൽ ജീവനക്കാരുള്ള കടകളിൽ ഷിഫ്ട് അനുസരിച്ച് ജോലിസമയം ക്രമീകരണം

മാളുകൾക്കുള്ളിലെ ഭക്ഷണശാലകളിൽ സാമൂഹിക അകലം പാലിച്ചുള്ള ഇരിപ്പിടത്തിന്റെ ക്രമീകരണം

എക്സലേറ്ററുകൾ, ലിഫറ്റുകളിൽ അകലം പാലിച്ചുള്ള ക്രമീകരണം

ഉപഭോക്താക്കൾ നിർദ്ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കുന്നുണ്ടോയെന്ന് നീരിക്ഷിക്കും

നിലവിൽ പ്രവർത്തിക്കുന്ന പാഴ്‌സൽ കൗണ്ടറുകൾ പരമാവധി പ്രോത്സാഹിപ്പിക്കും.

 മെഡിക്കൽ സംഘമുണ്ടാകും. അസ്വസ്തത അനുഭവപ്പെട്ടാൽ ഇവരുമായി ബന്ധപ്പെടാം

ഇടവേളകളിൽ സ്ഥാപനങ്ങൾ അണുവിമുക്തമാക്കും