elephant

ബാങ്കോക്ക്: ഭക്ഷണം തേടിയെത്തിയ ആനയ്ക്ക് വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റ് ദാരുണാന്ത്യം. ദക്ഷിണ തായ്‌ലൻഡിലാണ് സംഭവം. ഇവിടെ ഒരു കർഷകൻ തന്റെ മാമ്പഴ ഫാമിന് ചുറ്റും വൈദ്യുത വേലി സ്ഥാപിച്ചിരുന്നു. ചരിഞ്ഞ് കിടക്കുന്ന ആനയെ കണ്ട പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

ആനയുടെ തുമ്പിക്കൈയിൽ പൊള്ളലേറ്റ പാടുണ്ട്. തുടർന്ന് അധികൃതർ സമീപത്ത് നിന്നും ഇലക്ട്രിക് ജനറേറ്റർ കണ്ടെടുക്കുകയും തോട്ടം ഉടമകളെ ചോദ്യം ചെയ്യുകയുമായിരുന്നു. വന്യജീവികളുടെ ശല്യമുണ്ടാകാതിരിക്കാൻ തങ്ങൾ വൈദ്യുത വേലി സ്ഥാപിച്ചെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.

അതേസമയം, പ്രദേശത്ത് വേറെയും കർഷകർ വൈദ്യുതവേലി ഉപയോഗിക്കുന്നത് കണ്ടെത്തിയതോടെ ആനയ്ക്ക് മാമ്പഴത്തോട്ടത്തിലെ വൈദ്യുതവേലിയിൽ നിന്ന് തന്നെയാണോ ഷോക്കേറ്റതെന്ന് സംശയമുയരുന്നുണ്ട്. പോസ്‌റ്റ്‌മോർട്ടത്തിൽ ആനയുടെ മരണകാരണം വൈദ്യുതാഘാതമാണെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വൈദ്യുതവേലി സ്ഥാപിച്ചവർക്കെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.