തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.
നിലവിലെ തദ്ദേശ ഭരണസമിതികളുടെ കാലാവധി നവംബർ 12വരെയാണ്. ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് മട്ടന്നൂർ നഗരസഭ ഒഴികെ, 941 ഗ്രാമ പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലേക്കാണ് വോട്ടെടുപ്പ് . കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ച ശേഷം പുതുതായി പേര് ഉൾപ്പെടുത്താനുള്ള അപേക്ഷകളും കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും മാർച്ച് 16 വരെ സ്വീകരിച്ചിരുന്നു. അന്തിമ വോട്ടർ പട്ടിക കാസർകോട് ഒഴിച്ചുള്ള ജില്ലകളിൽ മാർച്ച് 27നും കാസർകോട്ട് ഏപ്രിൽ ആറിനും പ്രസിദ്ധീകരിക്കാനിരുന്നതാണ്. കൊവിഡും ലോക്ക് ഡൗണും വന്നതോടെ പ്രസിദ്ധീകരണം നീട്ടുകയായിരുന്നു.
പുതിയ പട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് സ്റ്റേഷനുകളിൽ ആവശ്യമായ പുന:ക്രമീകരണം വരുത്തും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളിൽ തീർപ്പാക്കാനുള്ളവയിൽ 15 നകം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുടർനടപടിയെടുക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോട് നിർദ്ദേശിച്ചു.അത്തരം അപേക്ഷകളിൽ ഫോട്ടോ ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ ഇന്ന് മുതൽ വ്യാഴാഴ്ച (11) വരെ വോട്ടർമാർക്ക് നേരിട്ടോ,മറ്റോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം.
പേര് ചേർക്കാൻ രണ്ട്
അവസരങ്ങൾ കൂടി
തിരഞ്ഞെടുപ്പിന് മുമ്പായി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ രണ്ട് അവസരങ്ങൾ കൂടി നൽകും. ഇപ്പോൾ
പ്രസിദ്ധീകരിക്കുന്ന വോട്ടർപട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിച്ചാണ് പേര് ചേർക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും അവസരം നൽകുക.
വാർഡ് പുനർവിഭജനത്തിന് ആദ്യം തീരുമാനിച്ചെങ്കിലും കൊവിഡ് പ്രതിരോധത്തിന്റെ തിരക്കിൽ അതുപേക്ഷിച്ചു. നിലവിലെ വാർഡടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. വോട്ടർപട്ടിക 2015ലെ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലും.ആഗസ്റ്റോടെ കൊവിഡ് ഭീതി ഒഴിയുമെന്ന കണക്കുകൂട്ടലിലാണ് കമ്മിഷൻ. അഥവാ തുടർന്നാൽ ,കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വോട്ടെടുപ്പ് പൂർത്തിയാക്കുമെന്ന് കമ്മിഷണർ വി. ഭാസ്കരൻ കേരളകൗമുദിയോട് പറഞ്ഞു.