dfgh

വർക്കല: വർക്കല മേഖലയിൽ നഗരസഭ ഉൾപ്പെടെ ഒട്ടുമിക്ക ഗ്രാമപഞ്ചായത്തുകളിലും മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതി. പകർച്ചവ്യാധി രോഗങ്ങളെ തടയുന്നതിന്റെ ഭാഗമായി കാലാകാലങ്ങളിൽ മഴക്കാലത്തിന് മുൻപേ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളാണ് പലയിടത്തും നിർജീവമായിട്ടുള്ളത്.

വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനും ഇവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുന്നതിനും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല. വർക്കലയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എലിപ്പനി, ഡെങ്കിപ്പനി ബാധിച്ചവർ നിരവധി പേരുണ്ട്. മരണം സംഭവിക്കുമ്പോൾ തട്ടിക്കൂട്ട് ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചക്കാലം നടക്കുമെങ്കിലും പിന്നീട് ഇത് അവസാനിക്കും. മതിയായ ഫണ്ടും മറ്റു സംവിധാനങ്ങളും ഉള്ളപ്പോഴും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ യഥാവിധി നടത്തുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്.
ഇപ്പോൾ കൊവിഡ് മഹാമാരിയുടെ പേരിൽ തങ്ങളെല്ലാം അതിന് പിന്നാലെ എന്നാണ് ജനപ്രതിനിധികളിൽ പലരും പറയുന്നത്.

ശുചീകരണത്തിനും രോഗപ്രതിരോധത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതി ആസൂത്രണം, നിർവഹണം എന്നിവ ഇനിയും പൂർത്തീകരിക്കാത്ത പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്കിലുണ്ട്. 2010-ൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ നടപ്പാക്കിയ ഫോർ പ്ലസ് പ്രതിരോധ യജ്ഞത്തിന് ഫലപ്രാപ്തി ഉണ്ടായില്ലെന്ന് മാത്രമല്ല തുടർന്നുവന്ന സമാന പദ്ധതികളും ലക്ഷ്യം കാണുന്നില്ല. പ്രധാന വിനോദ- തീർത്ഥാടന കേന്ദ്രമായ വർക്കലയിൽ പ്ലാസ്റ്റിക് നിർമ്മാർജനത്തിന് നഗരസഭ കൊണ്ടുവന്ന സീറോ വേസ്റ്റ് ബീക്കൺ പദ്ധതിയും കാര്യക്ഷമമാക്കുന്നില്ലെന്നും പരാതിയുണ്ട്.