letters

ഗുരുവിനെ ആദരിക്കേണ്ട പദ്ധതി ഉപേക്ഷിക്കരുത്

69.47 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കി എന്ന വാർത്ത ഖേദകരമാണ്. ഡോ. മൻമോഹൻ സർക്കാരിന്റെ കാലത്ത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പാർലമെന്റ് മന്ദിര വളപ്പിൽ സ്ഥാപിക്കുമെന്ന വാർത്ത 2005 സെപ്തംബർ 10ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അതിനുശേഷം ഇക്കാര്യത്തെക്കുറിച്ച് അധികൃത ഭാഗത്തുനിന്ന് യാതൊരു തുടർ നടപടിയും ഉണ്ടായിട്ടില്ല.

ഇൗവർഷത്തെ പാർലമെന്റ് സമ്മേളനം അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം തുടങ്ങിയതുതന്നെ ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന ഗുരുവചനം ഉദ്ധരിച്ചുകൊണ്ടാണ്.

ശ്രീനാരായണ ഗുരുവിന്റെ മഹാസമാധികൊണ്ട് വിഖ്യാതമായ ശിവഗിരിയിൽ വച്ച് 2019 ഫെബ്രുവരിയിൽ മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തിയ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിക്കാൻ ഇടവരരുത്. മാനവ മഹത്വത്തിന്റെ നിത്യപ്രതീകമായ ശ്രീനാരായണ ഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം കേന്ദ്ര സർക്കാർ പാഴാക്കില്ലെന്ന് പ്രതീക്ഷിക്കാം.

ആർ. പ്രകാശൻ,

ചിറയിൻകീഴ്.

അൺ എയ്ഡഡ് അദ്ധ്യാപകരുടെ ദുരവസ്ഥ

ഞാൻ ഒരു അൺ എയ്ഡഡ് സ്കൂൾ അദ്ധ്യാപികയാണ്. ജൂൺ ഒന്നുമുതൽ സ്കൂൾ തുറക്കില്ലെന്നും അദ്ധ്യാപകർ വിദ്യാലയങ്ങളിൽ എത്തേണ്ടതില്ലെന്നും വളരെ വ്യക്തമായി തന്നെ മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഇൗ ലോക്ക് ഡൗൺ കാലയളവിൽ പല കാരണങ്ങൾ പറഞ്ഞ് അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ അദ്ധ്യാപകരെ സ്കൂളിൽവിളിച്ച് വരുത്തിയിരുന്നു. അതും ശമ്പളം നൽകാതെ. സ്വകാര്യബസുകൾ നിരത്തിലിറങ്ങാത്ത വേളയിൽ പത്തും പതിനഞ്ചും വർഷമായിട്ടും 10000 രൂപ പോലും തികച്ചു ലഭിക്കാത്തവരാണ് അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർ. ഇൗ ലോക്ക് ഡൗൺ സമയത്ത് 3000 മോ 4000 മോ ശമ്പളയിനമായി നൽകിയിട്ട് വിദ്യാലയത്തിൽ എത്തണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഞങ്ങൾ ആരോട് പരാതിപ്പെടണം? ഞങ്ങളും മനുഷ്യരല്ലേ?

ഒരു അദ്ധ്യാപിക

കൊല്ലം.

പൂർത്തീകരിക്കാത്ത പൊതു സർവീസ്

ഇടതുപക്ഷ സർക്കാരിന്റെ ഇലക്ഷൻ മാനിഫെസ്റ്റേയിൽ പറഞ്ഞിട്ടുള്ളതും ബഡ്ജറ്റ് നിർദ്ദേശങ്ങളും പലതും നടപ്പാക്കിയിട്ടും തദ്ദേശസ്വയംഭരണ പൊതുസർവീസെന്ന വികസന സ്വപ്നം മാത്രം ഇഴഞ്ഞുനീങ്ങുന്നു. പൊതുസർവീസ് രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭ ജീവനക്കാരെ ഗവ. സർവീസായി പേരിന് മാത്രമാക്കി ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഒരു സർവീസിന് കീഴിലായി അവയെ ശക്തിപ്പെടുത്തുന്നതിന് പൊതു സർവീസ് വളരെ അത്യാവശ്യമാണ്.

ഇക്കാര്യത്തിൽ സർക്കാർ വേണ്ടത് ചെയ്യണം.

അശോക കുമാർ,

നെടുമങ്ങാട്.