കടയ്ക്കാവൂർ: ശിവഗിരി തീർത്ഥാടന സർക്യൂട്ട് പദ്ധതി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് അഡ്വ. വി. ജോയി എം.എൽ.എ. കേരള സർക്കാർ നൽകിയ പദ്ധതി അട്ടിമറിച്ചാണ് കേന്ദ്ര സർക്കാർ പദ്ധതി ആരംഭിച്ചത്. ശിവഗിരി മഠത്തിൽ ഓഫീസ് തുറന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ല. ശ്രീ്നാരായണ ഗുരുവിനെയും സ്ഥാപനങ്ങളെയും അപമാനിക്കുന്ന നടപടികളിൽ നിന്നു കേന്ദ്രം പിൻവാങ്ങണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ എൽ.ഡി.എഫ് ജന പ്രതിനിധികൾ നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.ഐ ജില്ലസെക്രട്ടേറിയറ്റ് അംഗം ആർ. രാമു, ആർ. സുഭാഷ്, അഡ്വ. എസ്. ലെനിൻ, ആർ. രാജു, സി. പയസ്, വി. ലൈജു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, ബ്ളോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എസ്. പ്രവീൺ ചന്ദ്ര, പി. വിമൽരാജ്, രാജു ജോർജ് എന്നിവരാണ് ഉപവസിച്ചത്.