ന്യൂഡൽഹി: ഡൽഹിയില്‍ കൊവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി ചുരുക്കിയ സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഡൽഹി സർവകലാശാലയിലെ ബീഹാർ, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. ഡോ. മഹേഷ് വെർമ്മ കമ്മീഷന്‍റെ ശുപാർശപ്രകാരമാണ് ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡ് ചികിത്സ ഡൽഹിക്കാർക്ക് മാത്രമായി ചുരുക്കിയത്.
സര്‍ക്കാര്‍ തീരുമാനം അന്യസംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയില്‍ എത്തി താമസിക്കുന്നവരില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്വകാര്യമേഖലകളിലുള്ള 150 ഓളം ആശുപത്രികളിലാണ് നിയന്ത്രണം. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബാധകമല്ല. എന്നാല്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നടത്തുന്ന സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ തിരക്ക് ഒഴിവാക്കാനാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സംഭവത്തിന് നൽകുന്ന ന്യായീകരണം.