നാഗർകോവിൽ: ബീഹാർ - നേപ്പാൾ അതിർത്തിയിൽ കന്നുകാലി കടത്ത് സംഘവുമായി നടന്ന ഏറ്റുമുട്ടലിൽ മരിച്ച ജവാന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കന്യാകുമാരി ജില്ലയിലെ തിങ്കളച്ചന്ത കുറുന്തൻകോട് വീരവിള സ്വദേശി പങ്കിരാജിന്റെ മകൻ മണികണ്ഠൻ (29) ആണ് മരിച്ചത്. 6 വർഷങ്ങൾക്ക് മുൻപാണ് എസ്.എസ്.പി യിൽ ചേർന്നത്.
മാർച്ച് 7 ന് രാത്രി 8 മണിക്ക് മണികണ്ഠൻ ബീഹാർ- നേപ്പാൾ അതിർത്തിയിലെ കക്കാട്ടിയ ചെക്‌പോസ്റ്റിൽ ഡ്യൂട്ടിയിൽ വാഹന പരിശോധന നടത്തവെ , ഒരു സംഘം ആളുകൾ മണികണ്ഠനെയും കൂടെ ഉണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെയും കമ്പി കൊണ്ട് തലയിലും ശരീരത്തിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മണികണ്ഠൻ അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 5 ന് രാത്രി മണികണ്ഠൻ മരിച്ചു. മൃതദേഹം ഞാറാഴ്ച്ച കൊൽക്കത്തയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ചശേഷം , ഇന്നലെ രാവിലെ വീരവിളയിലെ വീട്ടിൽ കൊണ്ടുവന്നു. സൈനിക ബഹുമതിയോടെയാണ് അന്ത്യയാത്ര നൽകിയത്. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ശ്രീനാഥ്, കുളച്ചൽ എ.എസ്.പി വിശ്വ ശാസ്ത്രി, മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, കുളച്ചൽ എം.എൽ.എ പ്രിൻസ് തുടങ്ങിവർ പങ്കെടുത്തു.
|