covid

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇന്നലെ ഒരാൾ കൂടി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിനി ചാക്കോയാണ് (41) മരിച്ചതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മേയ് 16ന് മാലിദ്വീപിൽ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോ ഡയാലിസിസിന് വിധേയനാക്കി. ശ്വാസ തടസത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം.

അതേസമയം സ്ഥിതി കൂടുതൽ സങ്കീർണമാക്കിക്കൊണ്ട് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇന്നലെ 91 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ 2004 ആയി സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 73 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും രോഗബാധയുണ്ട്. തൃശൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂരിൽ രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നലെ 11 പേർ രോഗമുക്തി നേടി.

പുതിയ രോഗബാധിതർ

തൃശൂർ 27

മലപ്പുറം 14

കോഴിക്കോട് 13

കാസർകോട് 8

കൊല്ലം 5

ആലപ്പുഴ 5

കണ്ണൂർ 4

തിരുവനന്തപുരം 3

പത്തനംതിട്ട 3

കോട്ടയം 3

എറണാകുളം 3

വയനാട് 2

പാലക്കാട് 1

ആകെ കൊവിഡ് ബാധിതർ 2004

ചികിത്സയിലുള്ളവർ 1174

രോഗമുക്തർ 814

മരണം 16

ആറ് ഹോട്ട് സ്‌പോട്ടുകൾ കൂടി

പാലക്കാട് - ഷൊർണൂർ, മലപ്പുറം - മൂർക്കനാട്, കുറുവ, കൽപ്പകഞ്ചേരി, എടപ്പാൾ, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ആകെ 150 ഹോട്ട് സ്‌പോട്ടുകൾ.