prathi-syamkumar

ചാത്തന്നൂർ: ക്രിമിനൽ കേസിലെ പ്രതി കഞ്ചാവുമായി ചാത്തന്നൂർ റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായി. കഞ്ചാവ് കടത്താൻ ഉപയോഗിച്ച പൾസർ ബൈക്കും ഇയാളിൽ നിന്ന് പിടികൂടി. പരവൂർ നെടുങ്ങോലം പുന്നമുക്ക് കല്ലുവിള വീട്ടിൽ ശ്യാംകുമാറിനെയാണ് (36) എക്സൈസ് ഇൻസ്പെക്ടർ നുജു മോനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ശ്യാംകുമാറിൽ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ആദിച്ചനല്ലൂർ ജംഗ്ഷന് തെക്കുവശത്തുള്ള ചിറയിൽ മദ്യപാനവും കഞ്ചാവു കച്ചവടവും വ്യാപകമാകുന്നെന്ന പരാതിയിൽ അന്വേഷണത്തിനായി പോവുമ്പോഴാണ് എക്സൈസ് സംഘത്തിന്റെ വാഹനത്തിനു മുന്നിൽ ഇയാൾ വന്നുപെട്ടത്. പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ട് ഇയാൾ സുഹുത്തുക്കളായ ഷൈജുവിന്റെയും കണ്ണന്റെയും സഹായത്തോടെ ആദിച്ചനല്ലൂർ ചിറയുടെ സമീപത്തെ പണിതീരാത്ത വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു. പാചകവും ഉറക്കവും ഈ വീട്ടിൽ തന്നെയായിരുന്നു. കഞ്ചാവു കേസിലെ പ്രതിയായ അമ്പു എന്ന് വിളിക്കുന്ന സമീദ് മോന്റെ സുഹൃത്താണ് ശ്യാം. സമീദ് മോനെ കല്ലുവാതുക്കൽ ചെമ്പോട്ടുകാവ് വഞ്ചിമൂക്കിനു സമീപത്തുവെച്ച് കഞ്ചാവുമായി നേരത്തേ പിടികൂടിയിരുന്നു. പരവൂർ, നെടുങ്ങോലം മേഖല കേന്ദ്രീകരിച്ച് ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച കൊടുത്തിരുന്ന പ്രതി ഇതര സംസ്ഥാനങ്ങളിൽ ഡ്രൈവറായി പോയി ഈ വാഹനങ്ങളിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുന്നത് പതിവായിരുന്നു. ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ മുൻപും മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റെയിഡിൽ പ്രിവന്റീവ് ഓഫിസർമാരായ ദിനേശ്, ജോൺ, അരുൺ
ബിനുലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി, വിഷ്ണു ,അനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.