ഇന്നലെ 88 ശതമാനം ഹാജർ; സെക്രട്ടേറിയറ്റിൽ 94 ശതമാനം
തിരുവനന്തപുരം: രണ്ടര മാസത്തെ 'ലോക്ക് ഡൗൺ ആലസ്യ'ത്തിന് ശേഷം സർക്കാർ ഓഫീസുകൾ ഉണർന്നു. ഇന്നലെ മിക്കവാറും ഓഫീസുകളിൽ പരമാവധി ജീവനക്കാരെത്തി. 88 ശതമാനം പേർ ഹാജരായതായാണ് കണക്ക്. സെക്രട്ടേറിയറ്റിൽ 94 ശതമാനം പേരെത്തി.
കെട്ടിക്കിടക്കുന്ന ഫയലുകളിലെ തീർപ്പിനായി വിവിധ ഓഫീസുകളിലേക്ക് ജനങ്ങളും എത്തിത്തുടങ്ങി. ലോക്ക് ഡൗണിൽ കുരുങ്ങിയ ഫയലുകളുടെ തീർപ്പിന് മുന്തിയ പരിഗണന വേണമെന്ന നിർദ്ദേശമുണ്ടായിരുന്നു. വില്ലേജോഫീസുകളിലും പഞ്ചായത്തോഫീസുകളിലും നല്ല തിരക്കനുഭവപ്പെട്ടു. കർശന സുരക്ഷയുള്ള സെക്രട്ടേറിയറ്റിൽ സാധാരണക്കാർക്ക് പ്രവേശിക്കാനായില്ല.
ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകളില്ലാതിരുന്നത് സ്ത്രീ ജീവനക്കാരെയുൾപ്പെടെ വലച്ചു. അയൽ ജില്ലകളിലേക്ക് സർവീസുകൾ കുറവായിരുന്നു. ബസുകളിൽ തിരക്കനുഭവപ്പെട്ടതോടെ, സാമൂഹ്യ അകലവും പഴങ്കഥയായി. കുടുസു മുറികളിലെ ഓഫീസുകളിൽ സാമൂഹ്യ അകലം പാലിച്ച് സീറ്റുകൾ ക്രമീകരിക്കാനായില്ലെന്നും പരാതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിച്ചുള്ള മേഖലകളിലാണ് ജീവനക്കാരെല്ലാം എത്തിച്ചേരാൻ നിർദ്ദേശിച്ചത്. ഗുരുതര രോഗം ബാധിച്ചവരെയും ഏഴ് മാസം ഗർഭിണികളെയും ഒരു വയസിൽ താഴെ കുട്ടികളുള്ള അമ്മമാരെയും ഓഫീസുകളിലെത്തുന്നതിൽ നിന്നൊഴിവാക്കിയിരുന്നു.