kovalam

കോവളം: ട്രോളിംഗ് നിരോധനത്തിന് തുടക്കമായതോടെ വിഴിഞ്ഞത്തിന് ഇനി തിരക്കിന്റെ നാളുകളാണ്. ഓഖി ചുഴലിക്കാറ്റിലുണ്ടായ നഷ്ടവും പിന്നെ അടിക്കടി വന്ന മുന്നറിയിപ്പുകളും കണക്കിലെടുത്ത് തൊഴിലിൽ നിന്ന് പിന്തിരിഞ്ഞതോടെ വറുതിയിലായ വിഴിഞ്ഞം തീരത്തിന് ഇനിയുള്ള രണ്ടു മാസക്കാലം കുറച്ചെങ്കിലും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ്. വലയും വള്ളവുമായി കടലിലേക്കിറങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുമത്സ്യങ്ങളുടെ കൊയ്ത്തായിരിക്കും. തുറമുഖപ്രദേശത്ത് വിവിധ കച്ചവടക്കാരും ഈ സമയം എത്തിത്തുടങ്ങും. തീരത്ത് ഏറ്റവുമധികം കച്ചവടം നടക്കുന്ന സമയം കൂടിയാണിത്. ഇത്തവണ ആവശ്യത്തിന് മഴ കിട്ടിയത് മത്സ്യത്തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നു. പുറംകടലിൽ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന വലിയ കാറ്റും മിന്നലോടുകൂടിയ മഴയെയും മാത്രം പേടിച്ചാൽ മതിയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊഞ്ചിന്റെ വരവോടെ ആരംഭിക്കുന്ന ചാകര ഓഗസ്റ്റ് വരെയുണ്ടാകും. സീസണുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖപ്രദേശത്ത് സർക്കാർ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിത്തുടങ്ങി. ഇതിന്റെ ഭാഗമായി നൂറിലേറെ പൊലീസുകാരെ തുറമുഖ പരിസരത്തും അപകടസാദ്ധ്യതാ പ്രദേശങ്ങളിലുമായി വിന്യസിച്ചിരിക്കുകയാണ്.


വിഴിഞ്ഞത്ത് തൊഴിലാളികൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ട്രോളിംഗ് നിരോധന സമയത്ത് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പെട്രോളിംഗിനുമായി സ്വകാര്യ ബോട്ടുകൾ വാടകയ്ക്കെടുത്ത് പ്രവർത്തനം ആരംഭിക്കും. നേരത്തെ പരിശീലനം ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. മറൈൻ ആംബുലൻസിന്റെ സേവനവും ലഭ്യമാക്കും. -ഫിഷറീസ് അധികൃതർ