നെയ്യാറ്റിൻകര : കേന്ദ്രസർക്കാർ ശിവഗിരി തീർത്ഥാടന ഇടനാഴി പദ്ധതി ഉപേക്ഷിച്ചതിൽ പ്രതിഷേധം ശക്തം. പദ്ധതി ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് എം.എൽ.എ മാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ എന്നിവർ ഗുരുദേവന്റെ തപോഭൂമിയായ അരുവിപ്പുറത്ത് ഉപവാസമനുഷ്ടിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉപവാസം ഉദ്ഘാടനം ചെയ്തു. സി.പി.ഐ പാറശാല മണ്ഡലം സെക്രട്ടറി സുന്ദരേശൻ അദ്ധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഐ.ആർ. സുനിത, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. ഗീതാ രാജശേഖരൻ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. രാജ്മോഹൻ, എൻ. അയ്യപ്പൻനായർ, ടി. ശ്രീകുമാർ, കൊടങ്ങാവിള വിജയകുമാർ, മുരുകേശനാശാരി തുടങ്ങിയവർ സംസാരിച്ചു. വൈകുന്നരം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ. രതീന്ദ്രൻ എം.എൽ.എമാർക്ക് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.