തിരുവനന്തപുരം: കുസാറ്റിൽ ഇന്ന് തുടങ്ങുന്ന അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദപരീക്ഷകൾ വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് എഴുതാം. മേൽനോട്ടമില്ല.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ വിദ്യാർഥികൾക്ക് അവരുടെ ഇ-മെയിലിൽ സർവകലാശാല നിശ്ചയിച്ച ടൈംടേബിൾ പ്രകാരം ലഭ്യമാക്കും. വെള്ളക്കടലാസ്സിൽ ഒരുവശത്ത് മാത്രം ഉത്തരമെഴുതണം. പരീക്ഷ ആരംഭിച്ച് അരമണിക്കൂർ ഇടവിട്ട് എഴുതിയ ഉത്തരങ്ങൾ സ്കാൻ ചെയ്ത് യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. .അതിന് കഴിയാത്തവർക്ക് പിന്നീട് ഇ-മെയിലായി അയക്കാം.
നിലവിലെ പരീക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് ആക്ഷേപമുണ്ട് വിദ്യാർഥികൾക്ക് പരസ്പരം ചർച്ച ചെയ്ത് ഉത്തരങ്ങൾ എഴുതാനും നേരത്തേ എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങൾ ചോദ്യനമ്പർ മാത്രം ഇട്ട് അപ്‌ലോഡ് ചെയ്യാനും കഴിയും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും സർവകലാശാലകൾ അവസാന വർഷ ബിരുദ പരീക്ഷകളും സുഗമമായി നടന്നിരുന്നു. ആയിരത്തിൽ താഴെമാത്രം ബിരുദാനന്തരബിരുദ വിദ്യാർഥികളാണ് കുസാറ്റിലുള്ളത്. പരീക്ഷയിൽ ക്രമക്കേടിനും, സർവകലാശാലയുടെ വിശ്വാസ്യത തകർക്കാനും ഇടയാക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി കുസാറ്റ് വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.
അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് ഉത്തരങ്ങൾ പുസ്തകങ്ങൾ തുറന്നിട്ട് എഴുതാനും, പകർത്തിയെഴുതാനും പരസഹായത്തോടെ എഴുതാനും തടസമുണ്ടാവില്ല.