പാലോട്: പാലോട് പൊലീസ് സ്റ്റേഷനിൽ എത്തിയ ശശികലയ്ക്ക് എസ്.ഐയെ നേരിട്ട് കാണണമെന്ന് വാശി.ഒടുവിൽ എസ്.ഐ സതീഷ് കുമാർ ഉച്ചഭക്ഷണം നിറുത്തി പരാതിക്കാരിയുടെ അടുത്തേക്ക്. "രണ്ടായിരം രൂപ കടമായി വേണം, വീട്ടു ജോലിക്ക് പോയി തിരിച്ചു തരാം." പരാതിക്കാരിയുടെ ആവലാതി കേട്ട എസ്.ഐ സതീഷ് കുമാർ ചോദിച്ച തുക പോക്കറ്റിൽ നിന്ന് നൽകിയപ്പോൾ ശശികല ശരിക്കും ഞെട്ടി. മാത്രമല്ല, രണ്ടു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും പൊലീസുകാർ വാങ്ങി നൽകി. മക്കളുടെ പഠനത്തിന് ക്രമീകരണങ്ങൾ ഒരുക്കാമെന്ന വാഗ്ദാനവും. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം നൽകിയാണ് പാലോട് ജനമൈത്രി പൊലീസ് ശശികലയെയും കുഞ്ഞുങ്ങളെയും യാത്രയാക്കിയത്. ഭർത്താവ് ഉപേക്ഷിച്ചുപോയ ശശികല പ്ളസ് ടുവിനും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺമക്കളുമായി വാടകവീട്ടിലാണ് താമസിക്കുന്നത്. സർക്കാർ നൽകിയ റേഷൻ തീർന്നതോടെ പട്ടിണിയായി. മകളുടെ ടി.സി വാങ്ങാൻ പോകാൻ പോലും പണമില്ലാത്ത അവസ്ഥയും വിശന്നു തളർന്ന കുഞ്ഞുങ്ങളുടെ മുഖവുമാണ് പൊലീസിനെ സമീപിക്കാൻ പ്രേരിപ്പിച്ചത്. എന്തായാലും മനസിന്റെ ആധിയിൽ പുറത്തേക്കു വന്ന വാക്കുകളിലെ സത്യം പൊലീസ് തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് ശശികല.