തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായുള്ള ഓൺലൈൻ ക്ളാസുകളുടെ രണ്ടാംഘട്ട ട്രയൽ ഇന്നലെ തുടങ്ങി.
ഒന്ന് മുതൽ സംപ്രേഷണം ചെയ്ത ക്ളാസുകൾ അതേക്രമത്തിലാണ് ഈയാഴ്ച നടക്കുക. ക്ളാസുകൾ ആവർത്തിച്ച് സംപ്രേഷണം ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സംവിധാനങ്ങളാകുന്നത് വരെ ക്ളാസുകൾ ആവർത്തിക്കും., മൂന്ന് ദിവസത്തിനകം എല്ലാവർക്കും ഓൺലൈൻ ക്ളാസിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
ഇന്നത്തെ
ടൈംടേബിൾ
പ്ലസ് ടു: രാവിലെ 8.30ന് ബോട്ടണി, 9ന് അക്കൗണ്ടൻസി, 9.30ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, 10ന് ഹിസ്റ്ററി
10ാം ക്ലാസ്: 11ന് രസതന്ത്രം, 11.30ന് ഇംഗ്ലീഷ്, 12 ന് സാമൂഹ്യശാസ്ത്രം
ഒന്നാം ക്ലാസ്: 10.30ന് പൊതുവിഷയം
രണ്ടാം ക്ലാസ്: 12.30ന് സന്നദ്ധതാപ്രവർത്തനം
മൂന്നാം ക്ലാസ്: ഒരു മണിക്ക് ഗണിതശാസ്ത്രം
നാലാം ക്ലാസ്: 1.30ന് മലയാളം
അഞ്ചാം ക്ലാസ്: 2ന് അടിസ്ഥാന ശാസ്ത്രം
ആറാം ക്ലാസ്: 2.30ന് ഹിന്ദി
ഏഴാം ക്ലാസ്: 3ന് അടിസ്ഥാനശാസ്ത്രം
എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ജീവശാസ്ത്രം. 4 ന് സാമൂഹ്യശാസ്ത്രം
ഒമ്പതാം ക്ലാസ്: 4.30ന് ബയോളജി. 5ന് സാമൂഹ്യശാസ്ത്രം
ഓൺലൈൻ പഠനം: ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശനം
തിരുവനന്തപുരം: വീട്ടിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികളെ സർക്കാരിന് കീഴിലുള്ള ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ താത്കാലികമായി പ്രവേശിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനുള്ള പുതുക്കിയ മാർഗ നിർദേശങ്ങൾ സംബന്ധിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ പൂർണ സമ്മതപ്രകാരമായിരിക്കണം പ്രവേശനം. താത്പര്യപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ സാമൂഹിക അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി 60 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.
ഓൺലൈൻ പഠനത്തിന് കെ.എസ്.എഫ്.ഇ സഹായം
തൃശൂർ : ഓൺലൈൻ വിദ്യാഭ്യാസം തടസപ്പെടുന്നവർക്ക് അംഗൻവാടികൾ, വായനശാലകൾ എന്നിവ വഴി വിദ്യാഭ്യാസം നൽകുന്നതിന് ടി.വി വാങ്ങാൻ കെ.എസ്.എഫ്.ഇയുടെ വിദ്യാസഹായി പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടി.വി വാങ്ങുന്നതിന് 75 ശതമാനം തുക സഹായമായി കെ.എസ്.എഫ്.ഇ നൽകും. ബാക്കി 25 ശതമാനം തുക തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. പരമാവധി പതിനായിരം രൂപയാണ് നൽകുക. കെ.എസ്.എഫ്.ഇ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തുക ഈ പദ്ധതി നടപ്പാക്കാൻ സർക്കാർ തിരികെ നൽകുകയായിരുന്നുവെന്ന് ചെയർമാൻ അഡ്വ. ഫിലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടർ പി.വി സുബ്രഹ്മണ്യനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 36 കോടി രൂപ ഇതിനായി ചെലവഴിക്കും. ടി.വി സ്ഥാപിച്ച ശേഷം ബിൽ കെ.എസ്.എഫ്.ഇ ശാഖയിൽ ഹാജരാക്കിയാൽ ഉടൻ തുക നൽകും. കുടുംബശ്രീ വഴി ലാപ്ടോപ് വാങ്ങുന്നതിനായി 500 രൂപയുടെ 30 മാസം ദൈർഘ്യമുള്ള മൈക്രോ ചിട്ടി പദ്ധതിയും ആരംഭിക്കും. ചിട്ടി ചേർന്നാൽ ഉടൻ അഞ്ച് ശതമാനം കമ്മിഷൻ കഴിച്ചുള്ള 14,250 രൂപ നൽകും. പ്രത്യേക ജാമ്യവ്യവസ്ഥകൾ ഇതിന് വാങ്ങില്ല. കൂടാതെ 10, 20, 30 മാസങ്ങളിലെ ചിട്ടി തുക ഒഴിവാക്കും. ലാപ് ടോപുകൾക്ക് നാലു വർഷം സർവീസ് വാറണ്ടി ലഭ്യമാക്കുമെന്നും ചെയർമാൻ പറഞ്ഞു.