narinder-batra-

ഐ.ഒ.എ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്ക് എതിരെ

ഗുരുതര ആരോപണങ്ങളുമായി

വൈസ് പ്രസിഡന്റ്

ഐ.ഒ.എയിലെ പടലപ്പിണക്കത്തിൽ ബത്രയുടെ

പിടി അയയുന്നതായി സൂചന

തിരുവനന്തപുരം : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ പ്രസിഡന്റ് നരീന്ദർ ബത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും തമ്മിലുള്ള അധികാരവടംവലി വഴിത്തിരിവിലേക്ക്. ബത്രയ്ക്കെതിരെ കഴിഞ്ഞദിവസം ഐ.ഒ.എ വൈസ് പ്രസിഡന്റ് സുധാംശു മിത്തൽ കടുത്ത ആരോപണങ്ങളുമായി എത്തിയിരുന്നു.

2017 ൽ ബത്ര ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി മത്സരിച്ചത് നിയമവിധേയമായല്ല എന്നായിരുന്നു മിത്തലിന്റെ ആരോപണം. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഭാരവാഹിത്വത്തിന് മത്സരിക്കുന്നയാൾക്ക് ദേശീയ ഫെഡറേഷനുകളുടെ ഭാരവാഹിത്വം ഉണ്ടാകാൻ പാടില്ല എന്ന നിയമം തെറ്റിച്ച് തെറ്റായ സത്യവാങ്‌മൂലം നൽകിയാണ് അന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റായിരുന്ന ബത്ര മത്സരിച്ചതെന്ന് മിത്തൽ ആരോപിക്കുന്നു. ഇത് വ്യക്തമാക്കുന്ന കത്ത് മിത്തൽ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്ക് അയച്ചിട്ടുണ്ട്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ ഭൂരിപക്ഷ പിന്തുണയും ബത്രയ്ക്ക് നഷ്ടമായതായാണ് റിപ്പോർട്ടുകൾ. എട്ട് വൈസ് പ്രസിഡന്റ്മാരിൽ മൂന്നുപേർ മാത്രമാണ് ഇപ്പോൾ ബത്രയുടെ പക്ഷത്തുള്ളത് എന്ന് അറിയുന്നു.

നേരത്തെ ലോക്ക് ഡൗൺ കാലത്ത് ഏകപക്ഷീയമായി ബത്ര സെക്രട്ടറി ജനറലായിരുന്ന രാജീവ് മേത്തയുടെ അധികാരങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചതോടെയാണ് ഐ.ഒ.എയിലെ തർക്കം പുറത്തറിഞ്ഞത്. രാജീവ് മേത്ത ഇതിനെതിരെ ശക്തമായി രംഗത്തുവരികയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ബത്ര ഐ.ഒ.എയുടെ എത്തിക്സ് കമ്മിഷൻ പിരിച്ചുവിട്ടത് രാജീവ് മേത്ത പുനഃസ്ഥാപിച്ചിരുന്നു. ബത്ര രൂപം നൽകിയ പുതിയ ആഭ്യന്തര കമ്മിറ്റികൾക്ക് അംഗീകാരം നൽകില്ലെന്ന നിലപാടിലാണ് മേത്ത.

അതേസമയം തന്റെ കുടുംബത്തിൽ കൊവിഡ് രോഗ ബാധയുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് ബത്ര. ക്വാറന്റൈൻ കഴിഞ്ഞശേഷം ആരോപണങ്ങൾക്ക് മറുപടി നൽകുമെന്ന് ബത്ര അറിയിച്ചു.

ബത്രയുടെ കുരുക്കുകൾ

2017 നവംബറിലാണ് ബത്ര ഫെഡറേഷൻ ഒഫ് ഇന്റർ നാഷണൽ ഹോക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇൗ സമയത്ത് അദ്ദേഹം ഹോക്കി ഇന്ത്യ പ്രസിഡന്റായിരുന്നു. 2016 ഡിസംബറിലാണ് ബത്ര ഹോക്കി ഇന്ത്യയിലെ ഭാരവാഹിത്വം ഒഴിഞ്ഞത്.

ദേശീയ, സംസ്ഥാന ഘട്ടങ്ങളിൽ ഭാരവാഹിത്വം ഇല്ലാത്തവർക്ക് മാത്രമാണ് അന്താരാഷ്ട്ര ഫെഡറേഷനിലേക്ക് മത്സരിക്കാനാകൂ എന്നാണ് നിയമം. ഹോക്കി ഇന്ത്യ പ്രസിഡന്റ് സ്ഥാനം മറച്ചുവച്ചാണ് ബത്ര എഫ്.ഐ.എച്ചിലേക്ക് മത്സരിക്കാൻ സത്യവാങ്‌മൂലം നൽകിയത്.

2017 ലെ ഐ.ഒ.എ ഇലക്‌ഷനിൽ ഹോക്കി ഇന്ത്യ പ്രസിഡന്റ് എന്ന നിലയിലാണ് ബത്ര മത്സരിച്ചതും വോട്ട് ചെയ്തതും. അന്താരാഷ്ട്ര ഫെഡറേഷനിലും ഹോക്കി ഇന്ത്യയിലും ഒരേസമയം ഒരാൾക്ക് ഭാരവാഹിത്വം വഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ബത്ര ഐ.ഒ.എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് നിയമവിധേയമല്ല എന്നാണ് സുധാംശു മിത്തൽ സമർത്ഥിക്കുന്നത്.

2015 ൽ ബത്ര ഹോക്കി ഇന്ത്യ പ്രസിഡന്റായിരിക്കെ മുൻ പ്രസിഡന്റ് കെ.പി.എസ് ഗില്ലിന് അനുകൂലമായുള്ള കോടതിവിധി നടപ്പിലാക്കിയില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ബത്രയുടെ വിശദീകരണം

മിത്തലിന്റെ പരാതി ഐ.ഒ.എ ഇലക്‌ഷൻ സമയത്ത് ആൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ പ്രസിഡന്റ് മഹാജൻ ഉന്നയിച്ചിരുന്നതാണ്. അന്ന് വരണാധികാരി ഇത് പരിശോധിച്ച് തള്ളിക്കളഞ്ഞതാണ്. കുടുംബത്തിലെ ഏഴുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇൗമാസം 22ന് ശേഷം ഒാഫീസിൽ തിരിച്ചെത്തിയശേഷം ഐ.ഒ.എ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മറുപടി നൽകും.