തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും, ഹോം ക്വാറന്റൈൻ ഫലപ്രദമായതിനാലാണ് പ്രവാസികളെ ഉൾപ്പെടെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിക്കാൻ തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ സൗകര്യമില്ലാത്തവർക്ക് (ബാത്ത് അറ്റാച്ച്ഡ് റൂം) സർക്കാർ സൗകര്യമൊരുക്കും. ഹോം ക്വാറന്റൈൻ വിജയിക്കണമെങ്കിൽ ജനങ്ങളെ ബോധവൽക്കരിക്കണം. എവിടെയായാലും മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്. നിർദേശങ്ങൾ പൂർണമായും പാലിച്ചാൽ രോഗവ്യാപനത്തോത് കുറയ്ക്കാൻ സാധിക്കും. നിർദേശങ്ങളും ക്വാറന്റൈൻ വ്യവസ്ഥകളും കൃത്യമായി പാലിക്കണം. ആളുകൾ വർദ്ധിച്ചാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ബുദ്ധിമുട്ടാകും. കുറച്ചുപേർക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കാൻ സാധിക്കുക. ആളുകൾ കൂടുമ്പോൾ ഇതിൽ മാറ്റം വരും. അപ്പോൾ പരാതികൾ സ്വാഭാവികമാണ്.
സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ കണക്കുകൂട്ടലിന് അപ്പുറമുള്ള വർദ്ധനവ് ഉണ്ടായിട്ടില്ല. നിലവിലുള്ള രോഗികളിൽ ഭൂരിപക്ഷവും പുറത്തു നിന്ന് വന്നവരാണ്. 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലാണ് സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം. സമ്പർക്കം വഴിയുള്ള രോഗവ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആന്റി ബോഡി പരിശോധന തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപന സാദ്ധ്യത അറിയാനുള്ള ആന്റിബോഡി (റാപ്പിഡ്) പരിശോധന ഇന്നലെ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, മലപ്പുറം, വയനാട് എന്നീ ഒൻപത് ജില്ലകളിലാണ് പരിശോധന നടന്നത്. കോഴിക്കോട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഇന്ന് പരിശോധന തുടങ്ങും. പരിശോധന നടന്ന ജില്ലകളിലെ ഫലങ്ങൾ ഇന്നു മുതൽ ലഭ്യമാകും. ഐ.സി.എം.ആർ ലഭ്യമാക്കിയ കിറ്റ് ഉപയോഗിച്ച് ഒരാഴ്ച കൊണ്ട് 10,000 പരിശോധന നടത്തുകയാണ് ലക്ഷ്യം. ആദ്യ ദിനത്തിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരെയാണ് പരിശോധിച്ചത്. വരുംദിവസങ്ങളിൽ മറ്റ് വിഭാഗങ്ങളിലുള്ളവരുടെയും പട്ടിക തയ്യാറാക്കി പരിശോധിക്കും. അതേസമയം ആന്റിബോഡി പരിശോധനാ ഫലം അന്തിമമല്ലെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഫലം നെഗറ്റീവായാലും സർക്കാർ നിർദേശിച്ച നിരീക്ഷണ കാലയളവ് കർശനമായി പൂർത്തിയാക്കണം. ആന്റിബോഡി ഫലം പോസിറ്റീവായാൽ പി.സി.ആർ ടെസ്റ്റ് നടത്തിയാണ് സ്ഥിരീകരിക്കുക.