പുനലൂർ: റോഡ് നവീകരണത്തിനിടെ സമീപവാസിയുടെ കണ്ണിൽ പട്ടിക ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ തെന്മല പൊലീസ് കേസ് എടുത്തു. ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം ശ്രീശൈലത്തിൽ (കരീപ്ര) ശ്രീദേവ് മുരളിക്കെതിരെയാണ് കേസ്. തെന്മലയിലെ റേഷൻകട ഉടമ ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം താന്നിവിളവീട്ടിൽ സുന്ദരേശനാണ് (63) പരിക്കേറ്റത്. യുവാവിന്റെ മാതാവ് സുന്ദരേശനെതിരെയും പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഇടമൺ റെയിൽവേ സ്റ്റേഷൻ - ചിറ്റാലംകോട് റോഡിൽ രൂപപ്പെട്ട കുഴികൾ അടയ്ക്കാൻ എത്തിയ പ്രദേശവാസിയും ബിവറേജസ് കോർപ്പേറേഷൻ ജീവനക്കാരനുമായ കമലാസനനെ യുവാവിന്റെ പിതാവ് മുരളീധരൻ (60) വാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ബഹളം കേട്ടെത്തിയ സുന്ദരേശന്റെ കണ്ണിൽ യുവാവ് പട്ടിക ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് മുരളീധരനെ കസ്റ്റഡിയിൽ എടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി. മകൻ ഒളിവിലാണ്. കമലാസനൻ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.