തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ സംവിധാനത്തിനായി ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്ന ബെവ് ക്യൂ ആപ്പ് ഉടൻ പിൻവലിച്ചേക്കില്ല.ബാർ റസ്റ്റോറന്റുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ആപ്പ് പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ നിലപാട്. ബെവ് കോ വഴിയുള്ള മദ്യ വില്പനകൂടാതിരുന്നതും കേന്ദ്ര സർക്കാർ ഉടൻ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതി നൽകുമെന്ന വിലയിരുത്തലുകളുമാണ് ബെവ് ക്യൂ അപ്പ് പിൻവലിക്കുെമെന്ന വാർത്തയ്ക്ക് കാരണമായത്.
ബെവ്ക്യൂ ആപ്പ് : കരാറിനെതിരെ ഹർജി
കൊച്ചി : ബെവ്ക്യൂ ആപ്പ് തയ്യാറാക്കാനും പ്രവർത്തിപ്പിക്കാനും ഫെയർകോഡ് ടെക്നോളജീസിനു കരാർ നൽകിയതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ മറ്റൊരു സ്റ്റാർട്ടപ്പ് കമ്പനിയായ ടീബസ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയിൽ ഹർജി നൽകി. സ്റ്റാർട്ടപ്പ് കമ്പനിയല്ലാത്ത ഫെയർകോഡിന് കരാർ നൽകിയതു നിയമപരമല്ലെന്നു പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്ന് മൊബൈൽ ആപ്പ് വാങ്ങുന്നതിനായി സംസ്ഥാന ഐ.ടി. മിഷൻ 2017 ആഗസ്റ്റ് എട്ടിന് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഇതു പാലിക്കാതെയാണ് ഫെയർകോഡിന് കരാർ നൽകിയതെന്ന് ഹർജിയിൽ പറയുന്നു.