മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം
തിരുവനന്തപുരം: മുൻ രഞ്ജി താരവും കേരള ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ജയമോഹൻ തമ്പിയെ (64) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നും അഴുകിയ നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മണക്കാട് പറമ്പിൽ നഗറിൽ ഹൗസ് നമ്പർ എച്ച് 18 ആശ്വാസിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ മുതൽ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ വീടിനു മുകളിൽ വാടകയ്ക്ക് താമസിക്കുന്നവർ നടത്തിയ പരിശോധനയിലാണ് ഹാളിൽ ജയമോഹൻ തമ്പിയെ മരിച്ച നിലയിൽ കണ്ടത്.
മൂത്ത മകൻ അശ്വിനാണ് ഒപ്പം താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ അശ്വിൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മരണമോ തുടർന്നുണ്ടായ ദുർഗന്ധമോ അറിഞ്ഞില്ലത്രെ. അശ്വിൻ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നുവെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും ഫോർട്ട് പൊലീസ് പറഞ്ഞു. അയൽവാസികളാണ് മുറിയിൽ കിടന്നുറങ്ങിയ അശ്വിനെ വിളിച്ചുണർത്തി മരണവിവരം അറിയിച്ചത്. ഹാളിൽ കയറാതെ മുറിക്കുള്ളിൽ കയറാൻ വാതിലുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അസ്വാഭാവിക മരണത്തിന് ഫോർട്ട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ ജയമോഹൻ 1982-84 കാലഘട്ടത്തിൽ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാനായിരുന്നു. എസ്.ബി.ടിയിൽ ഡെപ്യൂട്ടി ജനറൽ മാനേജരായാണ് വിരമിച്ചത്. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകൻ. മരുമക്കൾ: മേഘ, ജൂഹി.