ചില പ്രതിഭകളെ ചെറുപ്പത്തിലെ തന്നെ പരിശീലകർ തിരിച്ചറിയും. ചിലരെ ചെറുപ്പത്തിൽ ആരും ഗൗനിച്ചില്ലെങ്കിലും അവർ സ്വന്തം പ്രയത്‌നം കൊണ്ട് ചരിത്രം മാറ്റിയെഴുതും. അങ്ങനെയുള്ള രണ്ട് ഇന്ത്യൻ ഫുട്ബാൾ താരങ്ങളുടെ കഥയാണിത്. ഒന്നാമത്തെയാൾ ഇന്ത്യൻ നായകൻ സുനിൽ ഛെത്രി. രണ്ടാമത്തെയാൾ കേരള ബ്ളാസ്റ്റേഴ്സിന്റെ മുൻ നായകനും ഇന്ത്യൻ പ്രതിരോധ നിരയിലെ കരുത്തനുമായ സന്ദേശ് ജിംഗാനും.
ഛെത്രി കൊൽക്കത്തയിലെ പ്രമുഖ ക്ളബ് മോഹൻ ബഗാന്റെ സെലക്ഷൻ ട്രയൽസിന് എത്തിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയത് അന്നത്തെ കോച്ച് സുബ്രത ഭട്ടാചാര്യയാണ്. ഗോളടിക്കാൻ വലിയ കഴിവൊന്നുമില്ലെന്ന് ഭട്ടാചാര്യയ്ക്ക് തോന്നിയെങ്കിലും ഛെത്രി പിന്നീട് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി. മൂന്നാം ഡിവിഷൻ ക്ളബുകൾ പോലും തന്നെ ടീമിലെടുക്കാതിരുന്ന കാലത്തെക്കുറിച്ച് സ്വയം വെളിപ്പെടുത്തുകയാണ് ജിംഗാൻ.
ഛെത്രിയുടെ കഥ
2002 ൽ പന്ത്രണ്ടാം ക്ളാസ് പരീക്ഷ കഴിഞ്ഞ് ഛെത്രി നേരെ പോകുന്നത് ബഗാന്റെ സെലക്ഷൻ ട്രയൽസിലേക്കാണ്. താരതമ്യേന ഉയരം കുറഞ്ഞ ഛെത്രിയെക്കണ്ടിട്ട് വലിയ ഭാവിയുള്ള താരമായി തനിക്ക് തോന്നിയില്ലെന്ന് സുബ്രത ഭട്ടാചാര്യ പറയുന്നു. ഒരു ശരാശരി കളിക്കാരനാകാനേ യോഗമുള്ളൂ എന്ന് അദ്ദേഹം വിധിയെഴുതി. ഗോളടിക്കാനുള്ള മാജിക്കൊന്നും അദ്ദേഹം ആ കൗമാരക്കാരനിൽ കണ്ടതുമില്ല.
എന്നാൽ മറ്റൊരു കാര്യം ആ 17 കാരനിൽ കണ്ടെത്തി. ഫുട്ബാളിനോടുള്ള അതിയായ ആവേശം അതുകൊണ്ടുതന്നെ ക്ളബിലേക്ക് മൂന്നുവർഷ കരാർ നൽകാൻ കോച്ച് ശുപാർശ ചെയ്തു. ഛെത്രിയുടെ ആദ്യ പ്രൊഫഷണൽ കരാർ. അന്ന് തനിക്ക് കരാർ ലഭിച്ചപ്പോൾ അന്തംവിട്ടുപോയി എന്ന് ഛെത്രിയും പിന്നീട് പറഞ്ഞിട്ടുണ്ട്. ഛെത്രിക്കൊപ്പം അന്ന് മറ്റൊരു ഭാവി ഇന്ത്യൻ താരത്തിനും ഭട്ടാചാര്യ കരാർ നൽകിയിരുന്നു. ഗോൾ കീപ്പർ സുബ്രതാ പാലിന്.
ഭട്ടാചാര്യയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല എന്നതിനേക്കാൾ മറ്റൊരു കൗതുകം കൂടിയുണ്ട് ഛെത്രിയുടെ കാര്യത്തിൽ. തന്റെ മകളുടെ ഭർത്താവായി ഭട്ടാചാര്യ തിരഞ്ഞെടുത്തതും ഛെത്രിയെയാണ്.
ജിംഗാനെ തഴഞ്ഞവർ
തന്റെ തുടക്കകാലത്ത് മൂന്നാം ഡിവിഷൻ ക്ലബുകൾ പോലും ടീമിലെടുക്കാതെ ഒഴിവാക്കിയിട്ടുണ്ടെന്നും ആ തിരസ്കരിക്കലുകളാണ് മുന്നോട്ടുള്ള കരിയറിലെ ഉയർച്ചയ്ക്ക് കുതുപ്പായതെന്നും സന്ദേശ് ജിംഗാൻ പറയുന്നു.
കരിയറിന്റെ തുടക്ക കാലത്ത് ജിംഗാൻ ഏതെങ്കിലുമൊരു ടീമിൽ കയറിപ്പറ്രാൻ ഏറെ കഷ്ടപ്പെട്ടു. കൊൽക്കത്തയിലെ ധാരാളം ക്ലബുകളിൽ ട്രയൽസിന് പോയി. രണ്ടാം ഡിവിഷൻ, മൂന്നാം ഡിവിഷൻ ക്ലബുകളിലും ട്രയൽസിന് പോയെങ്കിലും എങ്ങും അവസരം ലഭിച്ചില്ല. പതറിപ്പോകാതെ സ്വപ്നം സഫലമാക്കാൻ കൂടുതൽ പരിശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ യുണൈറ്രഡ് സിക്കിം ഫു്ടബാൾ ക്ലബിൽ അവസരം ലഭിച്ചു. അവിടെ വച്ച് ബൈച്ചുംഗ് ബൂട്ടിയയേയും റെന്നഡി സിംഗിനേയും പരിചയപ്പെടാനായത് വഴിത്തിരിവായി. കുറച്ച് മാസങ്ങൾക്ക് മുൻപ് മൂന്നാം ഡിവിഷൻ ക്ലബുകളിൽ നിന്ന് പോലും പിന്തള്ളപ്പെട്ട താൻ ബൂട്ടിയയ്ക്കും റെന്നഡിക്കുമൊപ്പം പരിശീലിക്കുന്നത് അവിശ്വസനീയമായി സ്വയം തോന്നി. ബൂട്ടിയയ്ക്ക് ഷേയ്ക്ക് ഹാൻഡ് നൽകിയ ദിവസം കൈ കഴുകിയില്ല. റെന്നഡി ഫ്രീകിക്ക് എടുക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ സമീപം ചെന്ന് മുട്ട് കുത്തിയിരുന്ന് ആ ബൂട്ടുകളിൽ ചുംബിച്ചു.
ഇന്ത്യൻ ടീം ക്യാപ്ടന്റെ ആം ബാൻഡ് ആദ്യമായി കൈയിൽ അണിഞ്ഞ സമയമാണ് ജീവിതത്തിൽ ഏറ്രവും അഭിമാനവും സന്തോഷവും തോന്നിയ സന്ദർഭമെന്നും ജിംഗാൻ വെളിപ്പെടുത്തി.