തിരുവനന്തപുരം: പൊലീസിന്റെ വിവിധ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ ഉപയോഗിക്കേണ്ട പൊല്ലാപ്പ് ഇനിയില്ല. എല്ലാ സേവനങ്ങൾക്കുമായി ഇനി ഒറ്റ ആപ്പ് . പൊൽ ആപ്പ്.
നിലവിലുള്ള എല്ലാ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ച് തയ്യാറാക്കിയ ആപ്പിന് പേരു നിർദ്ദേശിക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. നിർദ്ദേശിക്കപ്പെട്ടതിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പേര് നിർദ്ദേശിച്ചത്. ജൂൺ 10ന് ആപ്പ് ഓൺലൈനായി പ്രകാശനം ചെയ്യുന്നതിനൊപ്പം, ശ്രീകാന്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉപഹാരം സമർപ്പിക്കും.
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്.ഐ.ആർ ഡൗൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ.നിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസവും, ഹെൽപ്പ്‌ലൈൻ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയത്. . പൊലീസ് കമ്പ്യൂട്ടർ സെല്ലാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. പുതിയ ആപ്ലിക്കേഷൻ നിലവിൽ വരുന്നതോടെ, നിലവുള്ള ആപ്ലിക്കേഷനുകൾ ക്രമേണ ഒഴിവാക്കും. പുതുതായി വരുന്നവയും പൊൽ ആപ്പുമായി സംയോജിപ്പിക്കും.