തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോളിടെക്നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ. 54453 വിദ്യാർഥികൾ പരീക്ഷയെഴുതി. ലക്ഷദ്വീപിലെ കേന്ദ്രത്തിൽ അൻപത് വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ചോദ്യപേപ്പറുകൾ ഓൺലൈനായാണ് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചത്. അഗ്നിരക്ഷാസേന പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കി. പരീക്ഷയ്ക്ക് ആരോഗ്യവകുപ്പിന്റേയും പൊലീസിന്റേയും മേൽനോട്ടവുമുണ്ട്. തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചാണ് കുട്ടികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. പനിയോ മറ്റ് ലക്ഷണമോ ഉള്ളവർക്ക് പ്രത്യേക ഹാളിലാണ് പരീക്ഷ. ഹാൻഡ് വാഷ്, സാനിറ്റൈസർ സൗകര്യവും കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ പരീക്ഷയ്ക്കുശേഷവും ക്ലാസ് മുറികളും ഫർണിച്ചറുകളും അണുവിമുക്തമാക്കും. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും.