തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലെ തെറ്രായ പ്രവണതകളെ ചൂണ്ടിക്കാണക്കാനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനും കേരള പൊലീസ് തുടങ്ങിയ ഓൺലൈൻ പ്രതികരണ പരിപാടി 'പി.സി.കുട്ടൻ പിള്ള സ്പീക്കിംഗ്'
വലിയ വിമർശനങ്ങളെ തുടർന്ന് അവസാനിപ്പിച്ചു. കേരള പൊലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് 'പി.സി. കുട്ടൻപിള്ള സ്പിക്കിംഗ് ' എന്നപേരിൽ പരിപാടി ആരംഭിച്ചത്. 'പണി വരുന്നുണ്ട് അവറാച്ചാ..' എന്ന പേരിലാണ് ഒന്നാംഭാഗം റിലീസ് ചെയ്തത്. പരിപാടി മോശമാണെന്ന തരത്തിലുള്ള കമന്റുകളാണ് വിഡിയോയ്ക്ക് കൂടുതലും ലഭിച്ചത്. സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രതികരണ പരിപാടിയെന്നാണ് ആക്ഷേപം. സ്ത്രീകളെ അധിക്ഷേപിക്കുന്നെന്നും ആക്ഷേപമുയർന്നു.
'പൊലീസിന്റെ ഈ സൈബർ ബുള്ളിയിംഗിഗിനെതിരെ ജനങ്ങൾ എവിടെയാണ് പരാതിപ്പെടുക' എന്നും കമന്റുകളുയർന്നു. ' ആദ്യ വീഡിയോ മണിക്കൂറുകൾക്കകം ഒരുലക്ഷത്തിലധികംപേർ കണ്ടിരുന്നു.
സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസറും എ.ഡി.ജി.പി.യുമായ മനോജ് എബ്രഹാമിന്റെ ആശയത്തിൽ സോഷ്യൽ മീഡിയ സെല്ലിലെ ബി.ടി. അരുണാണ് രചനയും സംവിധാനവും നിർവഹിച്ചത്.