തിരുവനന്തപുരം: ലോക്ക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശനും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ക്ഷേത്രത്തിലെത്തി ദീപാരാധന തൊഴുത ശേഷമാണ് മടങ്ങിയത്. ഒറ്രക്കൽ മണ്ഡപത്തിൽ കയറി തൊഴുതു. ലോക്ക് ഡൗൺ പ്രഖ്യാപനത്തിനുശേഷം ഭക്തരെ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ചയും അദ്ദേഹം ക്ഷേത്രദർശനം നടത്തിയിരുന്നു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റെടുക്കുന്നതിനുമുമ്പ് ഹോം സെക്രട്ടറിയായിരിക്കേയായിരുന്നു ഇത്. ക്ഷേത്ര ഭരണസമിതി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ ബാബു ഇന്നലെ നടന്ന ഭരണസമിതിയോഗത്തിൽ ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന.