anju-shaji

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത അഞ്ജു ഷാജിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കും. പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം മീനച്ചിലാറില്‍ നിന്നുമാണ് കണ്ടെത്തിയത്.

മാനദണ്ഡമനുസരിച്ചാണോ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജ് പ്രവര്‍ത്തിച്ചതെന്ന് അറിയാന്‍ പൊലീസ് ഇന്ന് എം.ജി സര്‍വകലാശാലയിലെത്തി പരീക്ഷാ കൺട്രോളറുടെ വിശദീകരണം തേടും. തുടര്‍ന്നാകും കോളേജിനെതിരെ കേസെടുക്കണോ എന്ന കാര്യം തീരുമാനിക്കുക. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

മകൾക്ക് കോളേജ് അധികൃതരിൽ നിന്നും മാനസികപീഡനം ഉണ്ടായെന്നാണ് അച്ഛന്‍ ഷാജിയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങൾ നിഷേധിച്ച ചേർപ്പുങ്കൽ ബി.വി.എം കോളേജ് അഞ്ജു കോപ്പിയടിച്ചതിന്‍റെ തെളിവുകൾ ഉൾപ്പെടെ പുറത്തുവിട്ടു. പെൺകുട്ടി ചേർപ്പുങ്കൽ പാലത്തിൽ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടി എന്നാണ് പൊലീസ് പറയുന്നത്.

anju-shaji

രണ്ട് ദിവസം ഫയർ ഫോഴ്സും പൊലീസും പെൺകുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ കൂടുതൽ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയപ്പോഴാണ് അഞ്ജുവിന്‍റെ മൃതദേഹം കിട്ടിയത്.