hut

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണത്ത് മൺകുടിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. കുന്നുവിള വീട്ടിൽ അനിൽകുമാറിന്റെ കുടിലാണ് നിലം പൊത്തിയത്. തകർന്ന മൺകുടിലിന്റെ അടിയിൽപ്പെട്ട് മക്കളായ അനന്തു (11), അരവിന്ദ് (7) എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഷീറ്റ് പൊതിഞ്ഞ മേൽക്കൂരയിലൂടെ വെള്ളം ചോർന്നൊലിച്ച് മണ്ണ് കൊണ്ടുള്ള അരമതിൽ കുതിർന്നിരിക്കുകയായിരുന്നു. ചുമര് ഇടിഞ്ഞതോടൊപ്പം മേൽക്കൂരയും ഉറങ്ങിക്കിടക്കുകയായിരുന്ന അനിൽകുമാർ, ഭാര്യ പ്രജിത, മക്കളായ അനന്തു, അരവിന്ദ് എന്നിവരുടെ മേൽ പതിക്കുകയായിരുന്നു. അനന്തുവിന്റെ കൈക്ക് പൊട്ടലും അരവിന്ദിന്റെ ദേഹത്ത് ക്ഷതവുമുണ്ട്. പരിക്കേറ്റ കുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനിൽകുമാർ ലൈഫ് ഭവന പദ്ധതിയിൽ പഞ്ചായത്തിലും ജില്ലാകളക്ടർക്കും അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. വീട് തകർന്നതോടെ ഇനി എങ്ങോട്ടുപോകുമെന്നാണ് ഇവരുടെ ആശങ്ക.