തിരുവനന്തപുരം: ബവ്ക്യൂ ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്ന് കാണിച്ച് കൺസ്യൂമർ ഫെഡ് സർക്കാരിന് കത്ത് നൽകി. മദ്യക്കടകളിൽ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ബവ്ക്യൂ ആപ് വരുന്നതിന് മുമ്പ് കൺസ്യൂമർ ഫെഡിലെ പ്രതിദിന വിൽപ്പന ശരാശരി 6 കോടിരൂപയായിരുന്നു.എന്നാൽ ഇപ്പോഴത് ശരാശരി 2.5 കോടിയായി കുറഞ്ഞു. ആപ്പ് വന്നതോടെ ഔട്ട് ലെറ്റിലേക്കുള്ള കൂപ്പൺ വരവ് ഗണ്യമായി കുറയുകയും മദ്യവിൽപന കുത്തനെ ഇടിയുകയും ചെയ്‌തു.
കൺസ്യൂമർഫെഡ് നടത്തുന്ന മിക്ക ഷോപ്പുകൾക്കും പ്രതിദിനം 400 ടോക്കണുകൾ ലഭിക്കുന്നില്ല. ഇടുക്കിയിലെ ഷോപ്പുകളിൽ ടോക്കൺ ലഭിക്കുന്നത് തീരെ കുറഞ്ഞു. 36 മദ്യഷോപ്പുകളും 3 ബിയർ പാർലറുമാണ് കൺസ്യൂമർഫെഡിനുള്ളത്. മദ്യവ്യാപാരത്തിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് കൺസ്യൂമർഫെഡിന് കീഴിലുള്ള ത്രിവേണി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ബിയർ വിൽപ്പന 1 ലക്ഷത്തിൽനിന്ന് 30,000 ആയി. ഇതോടെയാണ് ആപ്പുമായി മുന്നോട്ടുപോകാനാകില്ലെന്നു കാട്ടി കൺസ്യൂമർഫെഡ് സർക്കാരിന് കത്തു നൽകിയത്. ആപ്പ് ഇങ്ങനെ തുടര്‍ന്നാൽ മദ്യശാലകൾ പൂട്ടേണ്ടിവരുമെന്ന് ബവ്കോയും നേരത്തെ അറിയിച്ചിരുന്നു.