മലപ്പുറം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ വളാഞ്ചേരിയിലെ ഒൻപതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക. ഓൺലൈൻ പഠനത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക.
കൊവിഡ്, മഴക്കാല പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. വീടിന് സമീപം കത്തി കരിഞ്ഞ നിലയിലാണ് ദേവികയുടെ മൃതദേഹം കണ്ടെത്തിയത് . ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം മകൾ പങ്കുവച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നു.പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.