ബംഗളൂരു: സംസ്ഥാനത്തെ വെട്ടി കർണ്ണാടകയിലെ രാജ്യസഭാ സ്ഥാനാർത്ഥികളെ ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. നാല് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ ബി.ജെ.പിക്ക് വിജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് സീറ്റിലേക്ക് ബെൽഗാമിൽ നിന്നുള്ള ഈരണ്ണ കഡദി, റായ്ച്ചൂരിൽനിന്നുള്ള അശോക് ഗസ്തി എന്നിവരെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ പ്രകാശ് ഷെട്ടി, പ്രഭാകർ കോറ, രമേശ് കട്ടി എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാനഘടകം മുന്നോട്ട് വച്ചത്. അത്പാടെ തള്ളിക്കൊണ്ടാണ് കേന്ദ്രം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നളിൻകുമാർ കട്ടീലിൻെറയും മുഖ്യമന്ത്രി യെദ്യൂരപ്പയുടെയും നീക്കങ്ങൾ ഇതിലൂടെ കേന്ദ്രം പൊളിച്ചിരിക്കുകയാണ്. കർണ്ണാടകയിലെ കോൺഗ്രസിൽ നിന്ന് എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള അടവുകൾ സംസ്ഥാന നേതൃത്വം ഫലപ്രദമായി വിനിയോഗിക്കുന്നില്ല എന്ന തോന്നൽ കേന്ദ്രത്തിനുണ്ട്. ആ പശ്ചാത്തലത്തിൽകൂടിയാണ് സ്ഥാനാർത്ഥികളെ കേന്ദ്രം പ്രഖ്യാപിച്ചത്. സംസ്ഥാനം നൽകിയ ലിസ്റ്റ് പാടെ തള്ളിക്കൊണ്ടാണ് പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സംസ്ഥാനത്തിനുള്ള മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്.
ലിംഗായത്ത് സമുദായക്കാരനാണ് ഈരണ്ണ. പിന്നാക്ക വിഭാഗക്കാരനാണ് അശോക് ഗസ്തിയ. കർണാടകയിൽ ബി ജെ പിക്കുള്ളിൽ രൂക്ഷ വിഭാഗീയത നിലനിൽക്കുന്നതിന്റെ തെളിവുകൂടിയാണിത്. രാജ്യസഭാ സ്ഥാനാർത്ഥികൾ ഒരു സൂചന മാത്രമായാണ് പാർട്ടി വൃത്തങ്ങൾ കാണുന്നത്. പാർട്ടി നേതൃത്വത്തിലും, ഭരണ നേതൃത്വത്തിലും പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ തുടക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്.