മംഗളൂരു: ലോക്ക് ഡൗൺ മൂലം രണ്ടരമാസക്കാലം അടച്ചിട്ടിരുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രം ഭക്തർക്കായി തുറന്നു. ഭക്തർക്ക് പ്രവേശനമില്ലാതിരുന്ന നാളുകളിൽ പൂജകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ മുതൽ ഭക്തർക്ക് പ്രവേശനം നൽകി.തുടങ്ങി.ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ 220 പേരാണ് ദർശനം നടത്തിയത്. അതെല്ലാം സമീപവാസികളായിരുന്നു.
പ്രധാന കവാടത്തിൽ ശരീരോഷ്മാവ് പരശോധിച്ചാണ് ഭക്തരെ അകത്തേക്ക് കയറ്റുന്നത്. ക്ഷേത്രനടയിൽ കൊടിമരത്തിനു സമീപം ബലിക്കല്ല് വരെ ഭക്തർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനമുള്ളൂ.
പൂജാസമയങ്ങളിലും ശീവേലിസമയത്തും ഭക്തരെ ക്ഷേത്രത്തലേക്ക് പ്രവേശിപ്പിക്കാതെ മതിൽക്കെട്ടിനു പുറത്തുനിർത്തി. രാവിലെ 5.30 മുതൽ 7.30 വരെയും 10.30 മുതൽ 1.30 വരെയും വൈകിട്ട് മൂന്നുമുതൽ ആറുവരെയുമാണ് പ്രവേശനം. പ്രസാദവിതരണമുണ്ടാവില്ല. കിഴക്കേ നടയിലൂടെ പ്രവേശിച്ച് തൊഴുതശേഷം പടിഞ്ഞാറേ കവാടത്തിലൂടെ പുറത്തിറങ്ങണം. ലോഡ്ജുകൾ, ഹോട്ടലുകൾ തുടങ്ങിയവ തുറക്കാൻ അനുമതി നൽകിയിട്ടില്ല. ദൂരസ്ഥലങ്ങളിൽ നിന്ന് ഭക്തരെത്തിയാൽ താമസസൗകര്യം ലഭിക്കില്ല.അതിനാൽ ദീർഘദൂര സർവീസുകളുമില്ല. കൊവിഡ് നിബന്ധകൾ പാലിച്ചുകൊണ്ടാണ് പ്രവേശനം. മതിൽക്കെട്ടിനുള്ളിൽ ഏറെനേരം തങ്ങാനും ഭക്തരെ അനുവദിക്കില്ല.