തിരുവനന്തപുരം: ക്ഷേത്രങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച കേന്ദ്രസഹമന്ത്രി വി.മുരളീധരന് അതേനാണയത്തിൽ മറുപടി നൽകി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി..ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. സംസ്ഥാനസർക്കാർ എടുത്തുചാടി തീരുമാനമെടുത്തിട്ടില്ല.കേന്ദ്ര തീരുമാനം നടപ്പാക്കിയത് മതനേതാക്കളുമായുള്ള വിശദമായ ചർച്ചകൾക്കുശേഷമാണ്. ഇത് കേന്ദ്രമന്ത്രി മനസിലാക്കിയില്ലെങ്കിൽ ഹാ കഷ്ടം എന്നുമാത്രമേ പറയാനുള്ളൂ കാര്യങ്ങൾ വിശദമായി മനസിലാക്കിയിട്ടുവേണം കേരളത്തിനുമേൽ കുതിരകയറാൻ- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തായി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് സംസ്ഥാന സർക്കാരിനെ മുരളീധരൻ വിമർശിച്ചത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾതുറന്ന് തടിതപ്പാനാണോ നീക്കം. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.
ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോർഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.. എന്നിങ്ങനെയായിരുന്നു വി.മുരളീധരന്റെ വിമർശനം.