temple

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ ഇന്ന് തുറന്നതോടെ പള്ളികളിലും ക്ഷേത്രങ്ങളിലും സാമൂഹ്യ അകലം പാലിച്ച് ഭക്തർ ആരാധന നടത്തി . കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളിലും പളളികളിലും ഇന്ന് മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത്.

മാസങ്ങൾക്ക് ശേഷം മാസ്ക് ധരിച്ചും, സാമൂഹ്യ അകലം പാലിച്ചും നിരവധി ഭക്തർ ക്ഷേത്രങ്ങളിലും പള്ളികളിലും സന്ദർശനം നടത്തി.തിരുവനന്തപുരം നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി 112 ക്ഷേത്രങ്ങളും ഏഴ് ചർച്ചുകളും അഞ്ച് മുസ്ലീം പള്ളികളുമുൾപ്പെടെ 124 ആരാധനാലയങ്ങളിൽ ഇന്ന് വിശ്വാസികൾക്ക് പ്രവേശനം നൽകി. പ്രവേശന കവാടത്തിൽ പേരും വിലാസവും ഫോൺനമ്പർ സഹിതം രേഖപ്പെടുത്തിയശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിച്ചശേഷമാണ് വിശ്വാസികളെ പ്രവേശിപ്പിച്ചത്.

സാമൂഹ്യ അകലം പാലിക്കുന്നതിനായി നിശ്ചിത ദൂരത്തിൽ വൃത്തം വരച്ചിരുന്നു. ക്ഷേത്രങ്ങളിലും പളളികളിലും ഒരു സമയം നിശ്ചിത എണ്ണം ആളുകളെ വീതമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. പുറത്തേക്കിറങ്ങുന്നതിന് പ്രത്യേക വഴിയും ക്രമീകരിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലുൾപ്പെടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം ഇന്ന് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ക്ഷേത്രം, കമ്മട്ടം ഗണപതി ക്ഷേത്രം തുടങ്ങിയ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം രാവിലെ തന്നെ വലിയതോതിലല്ലെങ്കിലും ഭക്തർ ദ‌ർശനത്തിനെത്തിയിരുന്നു.

ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്യദിനമായ ഇന്ന് 310 പേരാണ് ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നത്. 9.30 മുതൽ 1.30 വരെയാണ് ദർശനം. ഇവരിൽ ഭൂരിഭാഗവും നിശ്ചിത സമയത്ത് തന്നെ ദർശനം നടത്തി.ദേവാലയങ്ങൾക്കുളളിലെ രൂപങ്ങളിൽ തൊട്ട് വന്ദിക്കുന്നതും മുത്തം വയ്ക്കുന്നതും തടയാൻ രൂപങ്ങളെല്ലാം തുണി ഉപയോഗിച്ച് മറച്ചിരുന്നു. ക്ഷേത്രങ്ങളിൽ പ്രസാദം, തീർത്ഥം തുടങ്ങിയവ വിതരണം ചെയ്യുന്നതും നിർത്തിവച്ചിരിക്കുകയാണ്.തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, പഴവങ്ങാടി ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്ത‌ർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പാളയം മുസ്ളീം, ബീമാപ്പള്ളി എന്നിങ്ങനെ പ്രധാന മുസ്ളീം ആരാധനാലയങ്ങളിലും വിശ്വാസികളെ പ്രവേശിപ്പിച്ചിട്ടില്ല. കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പളളികളും തിരുവനന്തപുരം വെട്ടുകാട് ലത്തീൻ പള്ളിയും തുറന്നില്ല. ദേവാലയങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ തുറക്കില്ലെന്ന് മാർത്തോമാ സഭയും അറിയിച്ചുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ച് 100 പേരിൽ താഴെ പങ്കെടുക്കുന്ന രീതിയിലായിരുന്നു തുറന്ന പള്ളികളിലെ പ്രാർത്ഥന ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്ന പള്ളികൾ മാത്രം കുർബാനയ്ക്കായി തുറന്നാൽ മതിയെന്ന് കെ.സി.ബി.സിയും യാക്കോബായ സഭയും നിർദേശം നൽകിയിരുന്നു.

വൈറസ് വ്യാപനത്തിന്റെ സാദ്ധ്യതയുണ്ടായാൽ പള്ളികൾ അടയ്ക്കണമെന്നും അടിയന്തര സാഹചര്യമുണ്ടായാൽ രൂപതാദ്ധ്യക്ഷന്മാർക്ക് തീരുമാനമെടുക്കാമെന്നും നിർദ്ദേശമുണ്ട്. എറണാകുളം- അങ്കമാലി, ചങ്ങനാശേരി അതിരൂപത ഒഴികെ സീറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഇന്ന് കുർബാന നടന്നു. വരാപ്പുഴ ലത്തീൻ രൂപതയുടെ പള്ളികളിൽ 10 വിശ്വാസികൾക്ക് മാത്രമായിരുന്നു പ്രവേശനം.

എന്നാൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പള്ളികൾ തുറക്കേണ്ടെന്നാണ് ഭൂരിഭാഗം ഇടവകകളുടെയും തീരുമാനം. അതിനിടെ ദേവാലയങ്ങളിൽ ആരാധനാ ക്രമീകരണങ്ങൾ നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഓർത്തഡോക്‌സ് സഭ ഇന്ന് സിനഡ് യോഗം ചേരും.