ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ നിർദ്ദേശങ്ങളുമായി സുപ്രീം കോടതി. സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം. ഇതിനായി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ ശ്രമിക് ട്രെയിനുകൾ ലഭ്യമാക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കൗൺസിലിംഗ് സെന്ററുകൾ തുറക്കണം. തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണം. എത്ര തൊഴിലാളികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നതിൽ കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടാത്തത് വലിയ വിമര്‍ശനങ്ങൾ ഉണ്ടാക്കിയതോടെയാണ് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്. തൊഴിലാളികളുടെ മടക്കയാത്ര 15 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.