anju-p-shaji

കോട്ടയം: അഞ്ജു പി.ഷാജിയുടെ ആത്മഹത്യയിൽ ചേർപ്പുകൽ ബി.വി.എം ഹോളിക്രോസ് കോളേജ് പ്രിൻസിപ്പലിനെയും അദ്ധ്യാപകനെയും അറസ്റ്റുചെയ്യണമെന്ന് അഞ്ജു പി.ഷാജിയുടെ അച്ഛൻ ഷാജി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോളേജ് അധികൃതർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇന്നലെ കോളേജ് അധികൃതർ പുറത്തുവിട്ട ഹാൾടിക്കറ്റിലെ കയ്യക്ഷരം മകളുടേതല്ല. മകൾ കോപ്പിയടിച്ചിട്ടില്ല.മകൾക്ക് നീതി കിട്ടണം. പൊലീസ് അന്വേഷണം കോളേജിന് അനുകൂലമാണ്. സി.സി.ടി.വി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. മാനസിക പീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.' - ഷാജി പറഞ്ഞു.

ഹാൾടിക്കറ്റിൽ ഉത്തരമെഴുതിക്കൊണ്ടുവന്നെന്നാരോപിച്ച് ചേർപ്പുകൽ ബി.വി.എം ഹോളിക്രോസ് കോളേജിലെ പരീക്ഷാ സെന്ററിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതിൽ മനംനൊന്താണ് ബികോം വിദ്യാർത്ഥിനി അഞ്ജു പി.ഷാജി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്.

ഹാൾടിക്കറ്റിനു പിന്നിൽ പാഠഭാഗങ്ങൾ എഴുതിയിരുന്നതായി കോളേജ് അധികൃതർ ഇന്നലെ വാർത്താസമ്മേനത്തിൽ പറഞ്ഞിരുന്നു. ഇതിനുതെളിവായി ഹാൾടിക്കറ്റും പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.