fsf

തിരുവനന്തപുരം: 'ഇലയിൽ എന്റെ രൂപമോ?​' നടി മഞ്ജു വാര്യർക്ക് അദ്ഭുതം. തന്റെ മുഖം പേരാലിന്റെ ഇലയിൽ തീർത്തചിത്രകാരന് നന്ദി അറിയിച്ച് അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

ഇക്കഴിഞ്ഞ പിറന്നാളിന് മോഹൻലാലിന് കിട്ടിയ സമ്മാനങ്ങളുടെ കൂട്ടത്തിലും ഒരു ഇലയുണ്ടായിരുന്നു. അതിൽ ലൂസിഫറിലെ ലാലിന്റെ മുഖമായിരുന്നു. ലാൽ അത് തന്റെ വെബ് സൈറ്റിൽ ചേർത്തു.

ഇല കാൻവാസാക്കി ചിത്രങ്ങൾ സൃഷ്ടിക്കുന്ന വയലാർ കളവംകോടം ആലുങ്കൽ വീട്ടിൽ ജോബിലാൽ സിനിമാക്കാർക്ക് പ്രിയങ്കരനാണ്.

ജീവിക്കാനായി പല വേഷങ്ങൾ കെട്ടിയിട്ടുണ്ട് ജോബി. ആദ്യം മാന്ത്രികന്റേതായിരുന്നു. അങ്ങനെ പേരിനു മുന്നിൽ 'മജിഷ്യൻ' എന്ന് ചേർത്തു. നാടകനടനും കലാസംവിധായകനുമായി. ജീവിക്കാൻ അതു മതിയാകാത്തതിനാൽ ചേർത്തല റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിൽ ആട്ടോ ഡ്രൈവറായി. രാത്രിയിൽ വയലാർ ശക്തീശ്വരം കവലയിൽ തട്ടുകടക്കാരനുമായി. കൊച്ചിയിലെ സെന്റർ ഫോർ കണ്ടംപററി ആർടിസ്റ്റിന്റെ സജീവപ്രവർത്തകനുമാണ്.

ലോക്ക് ഡൗണിൽ വീട്ടിലായപ്പോഴാണ് വരയിലേക്ക് മടങ്ങിയത്. ഒരു ചിത്രം വരച്ച് ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. പക്ഷേ, ലൈക്ക് കുറവ്. അപ്പോഴാണ് ഇലയിൽ ചിത്രം ഒരുക്കിയാലോ എന്ന ചിന്ത കയറിവന്നത്. മുൻ പരിചയമില്ല, എങ്കിലും തുടങ്ങി.

ആദ്യം സൃഷ്ടിച്ചത് ഗാന്ധിജിയുടെ രൂപം. ഫേസ്ബുക്കിൽ അഭിനന്ദന പ്രവാഹം. ശ്രീനാരായണഗുരുവിന്റെ ഇലച്ചിത്രവും മോശമായില്ല. ലെനിൻ,​ രാജീവ് ഗാന്ധി,​ ഇ.കെ. നായനാർ,​ പിണറായി വിജയൻ,​ കെ.കെ. ശൈലജ,​ കലാഭവൻ മണി,​ പൃഥ്വിരാജ്... ഇലകളിൽ മുഖങ്ങൾ ചിരിച്ചു. അതു കണ്ട് കൗതുകത്തോടെ ഭാര്യ പ്രസീദയും മക്കളായ അളകനന്ദയും കൃഷ്ണേന്ദുവും.

'' പ്ലാവില,​ ആഞ്ഞിലിന്റെ ഇല,​ അരയാലില,​ പേരാലില എന്നിവയിലാണ് ചിത്രങ്ങളൊരുക്കുന്നത്. പെൻസിലിനു പകരം സർജിക്കൽ ബ്ളേഡ്. ഇലയുടെ ‌‌ഞരമ്പുകൾ മുറിയാതെ ചിത്രമാക്കണം. ചെറിയ പിഴവ് വന്നാൽ മതി അത്രയും നേരത്തെ അദ്ധ്വാനം നഷ്ടമാകും''

- ജോബിലാൽ.