office-

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപകമായ തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖയുമായി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം. ഓഫീസര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ ഉണ്ടാകാന്‍ പാടുള്ളുവെന്നാണ് പുതിയ നിര്‍ദ്ദേശം. മറ്റ് ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജീവനക്കാര്‍ തമ്മില്‍ ഉള്ള നേരിട്ടുള്ള കൂടിക്കാഴ്ചകള്‍ പരമാവധി ഒഴിവാക്കണം. ടെലിഫോണിലൂടെയും, വീഡിയോ കോണ്‍ഫറെന്‍സിലൂടെയും ആകണം ചര്‍ച്ചകള്‍. ഓഫീസിന് ഉള്ളില്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും രണ്ട് ജീവനക്കാര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം എന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുകളില്‍ ജാനാലകള്‍ പരമാവധി തുറന്ന് ഇടണം എന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്

പനിയോ, ചുമയോ ഉള്ള ജീവനക്കാര്‍ ഓഫീസിലേക്ക് വരരുത്. തീവ്രബാധിത പ്രദേശങ്ങളിൽ നിന്നുഉള്ള ജീവനക്കാരും ഓഫീസുകളില്‍ എത്തരുത്. ഫേസ് മാസ്‌കുകള്‍, ഫേസ് ഷീല്‍ഡുകള്‍ എന്നിവ ജീവനക്കാര്‍ ധരിക്കണം. മാസ്‌കുകള്‍ സംബന്ധിച്ച പ്രോട്ടോകോള്‍ ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും മഞ്ഞ നിറത്തിലുള്ള ഡസ്റ്റ് ബിന്നില്‍ മാത്രമേ ഉപേക്ഷിക്കാവൂവെന്നും നിര്‍ദ്ദേശമുണ്ട്.