anju-shaji

കോട്ടയം: അഞ്ജു ഷാജിയുടെ മൃതദേഹവുമായി വീടിന് മുന്നിൽ നാട്ടുകാരും ബി.ജെ.പി പ്രവർത്തകരും പ്രതിഷേധിച്ചു. മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കുന്നത് നാട്ടുകാർ തടയുകയും, ഒരു മണിക്കൂറോളം പ്രതിഷേധം നീണ്ടുനിൽക്കുകയും ചെയ്തു. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു വീടിന് മുന്നിലെ പ്രതിഷേധം.

അന്വേഷണ നടപടികൾ കാര്യക്ഷമമല്ല എന്നായിരുന്നു നാട്ടുകാരുടെ ആരോപണം. കോളേജിന് അനുകൂലമായ നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു. സ്ത്രീകളടക്കമുള്ളവർ ആംബിലൻസിന് മുന്നിലിരുന്ന് കുത്തിയിരുപ്പ് സമരം നടത്തി. മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തപ്പോള്‍ ബന്ധുക്കളെ കൂട്ടിയില്ലെന്നാണ് പ്രധാന ആരോപണം. ആംബുലന്‍സില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് അഞ്ജു ഷാജിയുടെ അമ്മാവന്‍ പറഞ്ഞു.

പൊലീസ് മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോളേജിന് വേണ്ടി പൊലീസ് ഒത്തുകളിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവസ്ഥലത്ത് പി.സി ജോര്‍ജ് എം.എൽ.എ, കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ എത്തുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. മൃതദേഹത്തിന് പഴക്കമുണ്ടെന്നും, അഞ്ജു ഷാജിയുടെ അമ്മ കുട്ടിയുടെ മൃതദേഹം കണ്ടിട്ടില്ലെന്നും, ഉടന്‍ വീട്ടിലെത്തിക്കണമെന്നും നിര്‍ദേശം വന്നതോടെ ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലേക്ക് തിരിച്ചു. വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചശേഷം സംസ്‌കാരം നടക്കും.