എറണാകുളം: സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ കോണ്‍ട്രാക്ട് ജീവനക്കാരനാണ് ഫെയർ കോഡ് കമ്പനിയുമായി ഇന്‍റര്‍വ്യൂ നടത്തിയതെന്ന് ഹൈക്കോടതി. ഇവരെ തിരഞ്ഞെടുത്തതിന്‍റെ സൂം മീറ്റിംഗിന്‍റെ റെക്കോഡ് നശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി. ബെവ്ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നും ഹൈക്കോടതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതൊടൊപ്പം തന്നെ ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇ-മെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും. സീഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചത്. ഇതിലാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് അയച്ച് വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതിയുടെ തീരുമാനം ഈ കേസിലുണ്ടാകുക.